ശാസ്ത്രവും സംവിധാനങ്ങളുമൊക്കെ ഏറെ പുരോഗമിച്ചെങ്കിലും പാൽമിറ ദ്വീപിലെ പല ദുരൂഹതകളുടെയും ചുരുൾ അഴിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പാൽമിറ ദ്വീപിനെ ചുറ്റിപ്പറ്റി പലതരം കഥകളും പ്രചരത്തിലുണ്ട്.
പ്രചരിക്കുന്നതിൽ എത്രത്തോളം സത്യമുണ്ടെന്നതും വ്യക്തമല്ല. എങ്കിലും ഈ ദ്വീപ് ഒരു പ്രശ്നമായി തന്നെ ഇപ്പോഴും ആളുകളുടെ മനസിൽ നിലനിൽക്കുന്നു. ഈ ദ്വീപിൽ പലതരത്തിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളുമെല്ലാം നടന്നിട്ടുണ്ട്.
കൊലപാതകങ്ങൾ
പാൽമിറ ദ്വീപിൽ നടന്ന ഏറ്റവും പ്രസിദ്ധമായ സംഭവങ്ങളിലൊന്നാണ് മാൽക്കത്തിന്റെയും എലനോർ എബ്രഹാമിന്റെയും കൊലപാതകങ്ങൾ. 1974ൽ, സമ്പന്നരും യാത്രാപ്രിയരും ദമ്പതികളുമായ ചിലി സ്വദേശികൾ മാൽക്കവും എലനോർ ഏബ്രഹാമും തങ്ങളുടെ ബോട്ടായ സീ വിൻഡിൽ ലോകം ചുറ്റാൻ പുറപ്പെട്ടു. പാൽമിറയെക്കുറിച്ചുള്ള അറിവുകൾ അവരുടെ മനസിൽ കൗതുകം ഉണർത്തിയിരുന്നു.
യാത്രയുടെ ഭാഗമായി അവർ പാൽമിറ ദ്വീപിലുമെത്തി. ഇവിടെ കുറേക്കാലം താമസിച്ചിട്ടു യാത്ര തുടരാനായിരുന്നു പദ്ധതി. എന്നാൽ, പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആർക്കും ലഭിച്ചില്ല. മാൽക്കത്തിന്റെയും എലനോറിന്റെയും ബന്ധുക്കൾ ആകെ പരവശരായി.
ഇവർക്കെന്തു സംഭവിച്ചുവെന്ന് അറിയാതെ അവർ വിഷമിച്ചു. അന്നത്തെ കാലത്ത് ഇന്നത്തെപ്പോലെ ശാസ്ത്ര, സാങ്കേതിക വിദ്യകൾ പുരോഗമിച്ചിട്ടും ഇല്ലല്ലോ. അപകടത്തിൽ മരിച്ചുപോയിട്ടുണ്ടാവും എന്ന് എല്ലാവരും വിധിയെഴുതി.
കപ്പൽ കണ്ടെത്തി
ഡുവാൻ വാക്കർ, കാമുകി സ്റ്റെഫാനി സ്റ്റെർണസ് എന്നിവരിൽനിന്നു സീ വിൻഡ് ബോട്ട് കണ്ടെത്തിയതോടെ മാൽക്കം എലനോർ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മാൽക്കവും എലനോറും ലോകം ചുറ്റാൻ ഉപയോഗിച്ച ബോട്ട് ഇവർക്കെങ്ങനെ കിട്ടി. അന്വേഷണം തുടർന്നു.
ഈ സമയത്തു ബോട്ട് മോഷ്ടിച്ചതിനുമാത്രമേ ഇവർക്കെതിരേ കേസെടുക്കാനായുള്ളൂ.പിന്നീട് ദക്ഷിണാഫ്രിക്കയിൽനിന്നുള്ള മറ്റൊരു ദന്പതികളായ റോബർട്ട് ജോർദാൻ, ഷാരോൺ എന്നിവർ പാൽമിറ ദ്വീപിലെത്തിയതോടെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
കടൽത്തീരത്തുകൂടെ നടക്കുന്പോൾ വലിയൊരു ഇരുന്പ് പെട്ടി അവർ കണ്ടു. പെട്ടിക്കുള്ളിൽ ഒരു സ്ത്രീയുടെ തലയോട്ടി, വാച്ച്, കുറേ അസ്ഥികൾ എന്നിവ കണ്ടെടുത്തു. എലിനോറിന്റെ അസ്ഥികൂടമായിരുന്നു അത്. എന്നാൽ, മാൽക്കത്തിന്റെ അസ്ഥികൂടം നാളിതുവരെയായി കണ്ടെത്താനും ആയിട്ടില്ല.
എന്തായാലും എലിനോറിന്റെ അസ്ഥികൂടം കണ്ടെത്തിയതോടെ കപ്പൽ മോഷ്ടിച്ച ഡുവാൻ വാക്കറും കാമുകിയുമാണ് കുറ്റക്കാരെന്നു പിടികിട്ടി. കൊലക്കുറ്റത്തിൽ ഡുവാനെ ശിക്ഷിക്കാനായി എങ്കിലും കാമുകിയെ ശിക്ഷിക്കാൻ വേണ്ടത്ര തെളിവുകൾ ലഭിച്ചില്ല.
പ്രണയവുംകലഹവും
മാൽക്കവും ഭാര്യ എലനോറും ദ്വീപിൽ തങ്ങിയ സമയത്ത് അവിടെ ഡുവാൻ വാക്കറും കാമുകി സ്റ്റെഫാനിയും അവിടെ താമസിച്ചിരുന്നു. ഇവരെല്ലാവരും പരിചയപ്പെടുകയും സുഹൃത്തുക്കളാകുകയും ചെയ്തു. ഇതിനിടെ ഡുവാൻ എലനോറുമായി പ്രണയത്തിലായി. ഈ ബന്ധം മാൽക്കം എതിർത്തു.
ഇതോടെ ഇവർ വഴക്കായി. വഴക്കിനൊടുവിൽ എലനോറിനെയും മാൽക്കത്തെയും ഡുവാൻ കൊലപ്പെടുത്തിയെന്നും ഇവരുടെ കപ്പലിൽ കാമുകി സ്റ്റെഫാനിയുമായി ഡുവാൻ രക്ഷപ്പെട്ടുവെന്നുമൊക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. എന്തായാലും പാൽമിറ ദ്വീപ് ഇന്നും നിഗൂഢതയുടെ ഒളിത്താവളമായി ലോകത്തിന് മുന്നിൽ നിൽക്കുകയാണ്.
(തുടരും)
തയാറാക്കിയത് :
നിയാസ് മുസ്തഫ