ടൈറേനിയൻ കടലിലെ തെളിഞ്ഞ ജലാശയത്തിലെ മനോഹരമായ ദ്വീപുകളിലൊന്നാണ് ഗയോള. തെക്കുപടിഞ്ഞാറൻ ഇറ്റലിയിലെ നേപ്പിൾസ് ഉൾക്കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ അതി മനോഹരമായ ഒന്നാണ് ഈ ദ്വീപ്. എന്നാൽ വലിയ നിഗൂഡത ഒളിഞ്ഞു കിടക്കുന്ന ഇവിടം ഏവർക്കുമൊരു പേടി സ്വപ്നമാണ്. അതിനാൽ തന്നെ ‘ശപിക്കപ്പെട്ട ദ്വീപ്’ എന്നാണ് ഇത് അറിയപ്പെടുന്നത്.
1800-ൽ ലുയിഗി നെഗ്രി എന്ന വ്യക്തിയാണ് ആദ്യമായി ഈ ദ്വീപ് വാങ്ങിയത്. ആദ്യം തന്നെ ഇവിടെ അദ്ദേഹം ഒരു സ്വപ്ന സൗധം പണിതു. അതിപ്പോഴും സാക്ഷിയായി അവിടെത്തന്നെ നിലകൊള്ളുന്നുണ്ട്. പക്ഷേ കുറച്ച് കാലങ്ങൾക്ക് ശേഷം നെഗ്രിയുടെ എല്ലാ സമ്പത്തും നഷ്ടപ്പെട്ട് അദ്ദേഹം പാപ്പരായി മാറി. അതോടെ ഇയാൾ ദ്വീപ് വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ 1911-ൽ കപ്പൽ ക്യാപ്റ്റൻ ഗാസ്പേർ അൽബെംഗ ഈ ദ്വീപ് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ഒരു കപ്പൽ അപകടത്തിൽ അദ്ദേഹം മരണപ്പെട്ടു.
കാലങ്ങൾ പിന്നെയും കടന്നു പോയി. അങ്ങനെ 1920 കളിൽ ഹാൻസ് ബ്രോൺ എന്നൊരു സ്വിസ്ക്കാരൻ ഈ ദ്വീപ് വാങ്ങി. എന്നാൽ അയാളെയും മരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയ്ക്കായി ദ്വീപിന്റെ ഉടമസ്ഥാവകാശം. പക്ഷെ, അവരും കടലിൽ മുങ്ങി മരിച്ചു. അവരുടെ മരണ ശേഷം ഓട്ടോ ഗ്രൺബാക്ക് ദ്വീപിലെ വില്ലയിൽ താമസിക്കാനെത്തി. എന്നാൽ അയാളും ഹൃദയാഘാതം മൂലം മരണപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ മൗറിസ്-യെവ്സ് സാൻഡോസിന്റെ ഉടമസ്ഥതയിലായി ഈ ദ്വീപ്. എന്നാൽ 1958 -ൽ സ്വിറ്റ്സർലൻഡിലെ ഒരു മാനസികരോഗാശുപത്രിയിൽ വെച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.
അതിനു ശേഷം പലരും ആ ദ്വീപ് വാങ്ങാൻ ശ്രമം നടത്തി. എന്നാൽ അവരെയെല്ലാം കാത്ത് ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നു. അങ്ങനെ1978 ഓടെ ഇറ്റാലിയൻ സർക്കാരിന്റെ കീഴിലായി ദ്വീപ്. ഗയോള അണ്ടർ വാട്ടർ പാർക്ക് എന്നാണ് ഇവിടം അറിയപ്പെടുന്നത്. നാൽപത് വർഷക്കാലമായി ഇവിടെ താമസക്കാരാരുമില്ല. ഇന്നും ദ്വീപിനെ ചുറ്റിപ്പറ്റി നിരവധി കഥകൾ നിലനിൽക്കുന്നു.