നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലത്തെ ആണല്ലോ ദ്വീപ് എന്ന് വിളിക്കുന്നത്. എപ്പോഴെങ്കിലും ഒരു ദ്വീപ് സ്വന്തമാക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ ആഗ്രഹമുള്ളവർക്കായി യൂറോപ്പിൽ ഒരു ദ്വീപ് വിൽപനയ്ക്ക് വച്ചിരിക്കുന്നു.
ഡ്രേക്ക് ഐലൻഡ് എന്നാണ് ദ്വീപിന്റെ പേര്.ഡെവോൺ തീരത്ത് പ്ലിമൗത്ത് നഗരത്തിൽനിന്ന് 550 മീറ്റർ മാത്രം ദൂരത്തായിട്ടാണ് ഈ സ്വകാര്യദ്വീപുള്ളത്. 6.5 ഏക്കർ വിസ്തൃതിയുള്ള ഒരു അടിപൊളി ദ്വീപ് ആണിത്. കേൾക്കുന്പോൾ എന്താ രസം. കാര്യം ശരിയൊക്കെത്തന്നെ പക്ഷേ ഒരു പ്രശ്നമുണ്ട്, ദ്വീപിൽ പ്രേതബാധ ഉണ്ടത്രെ! പ്രേതത്തിലും പിശാചിലുമൊന്നും വിശ്വാസമില്ലാത്തവരാണെങ്കിൽ ധൈര്യമായി വന്നു ദ്വീപ് വാങ്ങാം!
ഒരുകാലത്ത് സൈനികതാവളം ആയിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിലെ പീരങ്കികൾ, കോട്ടകൾ, ബാരക്കുകൾ എന്നിവയൊക്കെ ഇവിടെ കാണാം. ദ്വീപിന്റെ നിലവിലെ ഉടമ മോർഗൻ ഫിലിപ്സ് എന്നയാളാണ്. 15 സൈനികരുടെ പ്രേതങ്ങൾ ദ്വീപിൽ ഉണ്ടെന്നാണ് പൊതുവിൽ പറയപ്പെടുന്ന കഥ.
ദ്വീപ് ഉടമ ഇതു നിഷേധിക്കുന്നില്ലെന്നു മാത്രമല്ല, വിശദീകരിക്കാൻ പ്രയാസമുള്ള പല കാര്യങ്ങളും ദ്വീപിൽ താൻ കണ്ടിട്ടുണ്ടെന്നും പറയുന്നു. ഇതിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇത്തരം കഥകൾ വലിയ ടൂറിസം സാധ്യതകളാണ് ദ്വീപിന് തുറന്നു തരുന്നതെന്നും മോർഗൻ ഫിലിപ്സ് കൂട്ടിച്ചേർക്കുന്നു.
64 കോടി രൂപയ്ക്കു 2019ലാണു മോർഗൻ ദ്വീപ് വാങ്ങിയത്. 43 കിടക്കകളുള്ള ഒരു ഹോട്ടൽ ഇവിടെ നിർമിക്കാൻ അനുമതി ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹം ദ്വീപ് വിൽപ്പനയ്ക്കായി വച്ചതെന്നു റിപ്പോർട്ടുകളിൽ കാണുന്നു.