എസ്.ആർ. സുധീർ കുമാർ
കൊല്ലം: ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിന്റെ മൂന്ന് സ്റ്റോപ്പുകൾ നിർത്തലാക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ധനുവച്ചപുരം, കുഴിത്തുറ വെസ്റ്റ്, പള്ളിയാടി എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകളാണ് ഒഴിവാക്കുന്നത്. ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
2024 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. സ്റ്റോപ്പുകൾ റദ്ദ് ചെയ്യുന്നതിന്റെ കാരണം ഉത്തരവിൽ സൂചിപ്പിക്കുന്നില്ല. യാത്രക്കാർ കാര്യമായി ഇല്ലാത്തതിനാൽ വരുമാനത്തിലെ കുറവാണ് സ്റ്റോപ്പുകൾ നിർത്തലാക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.
ഇത് കൂടാതെ ദക്ഷിണ റെയിൽവേ എട്ടു ട്രെയിനുകളുടെ സമയത്തിലും നേരിയ മാറ്റം വരുത്തി. തൃശൂർ-കണ്ണൂർ എക്സ്പ്രസ്, എറണാകുളം-ഷൊർണൂർ മെമു, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്, തിരുപ്പതി-കാമരാജ് നഗർ എക്സ്പ്രസ്, തിരുപ്പതി-വില്ലുപുരം എക്സ്പ്രസ് എന്നിവയുടെ സമയമാറ്റം ഈ മാസം 23 മുതൽ നിലവിൽ വരും.
തിരുപ്പതി-ബംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ സമയം 24 മുതൽ മാറും.ബംഗളൂരു-കണ്ണൂർ എക്സ്പ്രസിന്റെ സമയമാറ്റം നവംബർ ഒന്നു മുതലും പാലക്കാട് – ഈറോഡ് ടൗൺ എക്സ്പ്രസിന്റെ സമയം മാറുന്നത് 2024 ജനുവരി ഒന്നു മുതലുമാണ്.
സർവീസ് ഓപ്പറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാണ് സമയമാറ്റത്തിനു കാരണമായി ദക്ഷിണ റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.