റെയ്ക്ജാനസ്: യൂറോപ്യൻ രാജ്യമായ ഐസ്ലൻഡിൽ ഈ വർഷത്തെ രണ്ടാം അഗ്നിപർവത സ്ഫോടനം. തെക്കുപടിഞ്ഞാറൻ ഐസ്ലൻഡിലെ അഗ്നിപർവതം മൂന്നുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പൊട്ടിത്തെറിക്കുന്നത്.
2021ന് ശേഷം ഇത് ആറാമത്തേതുമാണ്. ഇന്ന ലെയുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ വലിയ ലാവാ പ്രവാഹമാണ് ഉണ്ടായതെന്ന് ഐസ്ലൻഡ് ഔദ്യോഗിക വാർത്താ ഏജൻസിയും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഇന്നലെ പ്രാദേശിക സമയം പുലർച്ചെ ഒന്നിനാണ് സ്ഫോടനം ആരംഭിച്ചത്. തീരദേശ പട്ടണമായ ഗ്രിൻദാവിക്കിൽനിന്ന് വടക്കുകിഴക്കായി നാലു കിലോമീറ്റർ മാറിയാണ് പൊട്ടിത്തെറിയുണ്ടായ പ്രദേശം. ഇവിടെനിന്ന് ആളുകളെ നേരത്തേതന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു.
ലാവ പടിഞ്ഞാറു ഭാഗത്തേക്ക് ഒഴുകുന്നതിനാൽ ഗ്രിൻദാവിക്കിലെ ഊർജനിലയത്തിനു ഭീഷണിയില്ലെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. സ്ഫോടന സമയത്ത് ആരുംതന്നെ ഗ്രിൻദാവിക്കിൽ ഉണ്ടായിരുന്നില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. ഈ ആഴ്ച ആദ്യംതന്നെ പൊട്ടിത്തെറിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നൂറുകണക്കിന് ചെറിയ ഭൂകമ്പങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു. ലാവ 50 മീറ്റർ ഉയരത്തിൽ ചീറ്റിത്തെറിച്ചെന്ന് കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പുകപടലങ്ങൾ വ്യാപിച്ചു. 2010ല്‍ ഐസ്ലന്ഡിലെ അഗ്നിപര്‍വത സ്ഫോടനം മൂലം യൂറോപ്പിലെ വിമാനയാത്ര വരെ തടസപ്പെട്ടിരുന്നു.