കയ്റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സൗദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസി അംഗീകാരം നൽകി. ചെങ്കടലിലെ തീറാന്‍, സനാഫിര്‍ ദ്വീപുകളാണ് സൗദിക്ക് ലഭിക്കുക. സൗദിക്ക് ദ്വീപ് കൈമാറാനുള്ള കരാറിന് കഴിഞ്ഞാഴ്ച ഈജിപ്ഷ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.
കഴിഞ്ഞവർഷം സൗദി രാജവ് സൽമാൻ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് നടത്തിയ ഈജിപ്ഷ്യൻ സന്ദര്‍ശനത്തിനിടയിലാണ് തന്ത്രപ്രധാന ദ്വീപുകള്‍ സൗദിക്ക് കൈമാറാന്‍ ധാരണയായത്. എന്നാൽ ദ്വീപുകള്‍ സൗദിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കരാറിന് അംഗീകാരം നേടിയെടുക്കാനുള്ള നിയമപോരാട്ടവുമായി പ്രസിഡന്റ് അൽസിസി മുന്നോട്ടു പോകുകയായിരുന്നു.
ചെങ്കടലിനെയും അഖബ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തീറാന്‍ കടലിടുക്കിലെ രണ്ട് ദ്വീപുകളാണ് തീറാനും സനാഫിറും. 80, 31 ചതുരശ്ര കിലോമീറ്ററാണ് യഥാക്രമം ഇരുദ്വീപുകളുടെയും വിസ്തീര്‍ണം. ഈജിപ്ത് സൈനികരും അന്താരാഷ്ട്ര സമാധാനസേനയുമാണ് ആള്‍പ്പാര്‍പ്പില്ലാത്ത തീറാന്‍ ദ്വീപില്‍ കഴിയുന്നത്. തന്ത്രപ്രധാനമായ തീറാന്‍ ഇടനാഴിയില്‍ 1967ല്‍ ഈജിപ്ത് നടത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ആറുദിവസം നീണ്ട അറബ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത്. തുടര്‍ന്ന് 1982 വരെ തീറാന്‍ ദ്വീപ് ഇസ്രായേലിന്‍െറ കീഴിലായിരുന്നു.
2016 ഏപ്രില്‍ എട്ടിന് ഒപ്പുവെച്ച കരാറില്‍ ദ്വീപുകള്‍ സൗദി അറേബ്യയുടെ സമുദ്രാതിര്‍ത്തിക്കകത്ത് എന്ന് പ്രഖ്യാപിക്കുന്ന കരാറില്‍ ഈജിപ്ത് പ്രസിഡന്റും സല്മാന് രാജാവും ഒപ്പുവെക്കുകയായിരുന്നു.