ചങ്ങനാശേരി: ആളുകൾ ടിവി സീരിയലുകളിൽ മുഴുകിയിരിക്കുന്പോൾ സമീപത്തെ വീട് കുത്തി ത്തുറന്ന് കവർച്ച നടത്തുന്ന വിരുതൻ ഒടുവിൽ പോലീസിന്റെ വലയിലായി. ഐസ്ക്രീം കച്ചവടത്തിന്റെ മറവിൽ ആൾതാമസമില്ലാത്ത വീടുകളിൽ കവർച്ച നടത്തി വന്ന ഓട്ടോ ഡ്രൈവർ കടമാഞ്ചിറ പുതുപ്പറന്പിൽ ഇസ്മായിൽ(38) ആണ് പോലീസിന്റെ പിടിയിലായത്.
സീരിയലുകളിൽ ശ്രദ്ധിച്ചിരിക്കുന്ന വീട്ടമ്മമാർ വീടിനു പുറത്തു ശബ്ദം കേട്ടാൽ പോലും ഇറങ്ങി വരാത്തത് മോഷണത്തിനു സഹായകമാകുന്നുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.വീടുകളിൽ നിന്നും സ്വർണാഭരണങ്ങൾ, പണം, വിദേശ കറൻസികൾ എൽഇഡി ടിവികൾ, പാചകവാതക സിലിണ്ടർ, ഇലക്ട്രോണിക്സ് സാധനങ്ങൾ എന്നിവ മോഷ്ടിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.
കൃത്യത്തിനുപയോഗിച്ച ഐസ്ക്രീം വിൽക്കുന്ന എയ്സ് വണ്ടിയും ഓട്ടോറിക്ഷയും മോഷണ തൊണ്ടിമുതലുകളും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. ചങ്ങനാശേരി സിഐ എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് മോഷ്ടാവിനെ അറസ്റ്റു ചെയ്തത്. ഇയാളുടെപേരിൽ 17 ഓളം കേസുകളുണ്ട്. ഇതിൽ ഏഴ് കേസുകളിലെ തൊണ്ടി മുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം പുലർച്ചെ 3.45ന് ഓട്ടോറിക്ഷയിൽ മോഷ്ടിച്ച എൽഇഡി ടിവിയുമായി പോകുന്പോൾ പട്രോളിംഗ് നടത്തിയ തൃക്കൊടിത്താനംപോലീസാണ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ പരന്പര സംബന്ധിച്ച വിവരം പുറത്തുവന്നത്. മോഷണ വസ്തുക്കളിൽ ചിലത് ആക്രിക്കടകളിൽ നിന്നും പണയംവച്ച സ്വർണാഭരണങ്ങൾ ചങ്ങനാശേരിയിലെ രണ്ട് സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു.
ഐസ് വണ്ടിയിൽ സൂക്ഷിക്കാറുള്ള അലവാങ്ക്, ലിവർ, ജാക്കി, കന്പിപ്പാര എന്നിവ ഉപയോഗിച്ച് വീടുകളുടെ പ്രധാന വാതിലുകൾ തകർത്ത് അലമാര കുത്തിപ്പൊളിച്ചാണ് ഇയാൾ മോഷണങ്ങൾ നടത്തുന്നത്. 2016ൽ നാൽക്കവല ഇടമന വീട്ടിൽ ശ്രീകുമാറിന്റെ വീട്ടിൽ നിന്നും മൂന്ന് ടിവി, രണ്ട് എസി, ഹോം തിയറ്റർ, എൽഇഡി പ്രോജക്ടർ അടക്കം നാല് ലക്ഷം രൂപയുടെ മോഷണമാണ് നടത്തിയത്.
തൃക്കൊടിത്താനം മുക്കാട്ടുപടി ഭാഗത്ത് മുളന്താനം വീട്ടിൽനിന്നും ഒന്നരപവൻ വരുന്ന രണ്ട് ജോഡി കമ്മലും 10,000 രൂപയും പൊട്ടശേരി പുത്തൻപറന്പിൽ ജെസമ്മ തോമസിന്റെ വീട്ടിൽ നിന്നും 18600 റിയാലും നാലര പവൻ തൂക്കം വരുന്ന മൂന്നു സ്വർണ്ണവളകളും മോഷ്ടിച്ചതായി ഇസ്മായിൽ സമ്മതിച്ചിട്ടുണ്ട്.നിർമാണത്തിലിരിക്കുന്ന കുരിശുംമൂട് തേവലക്കര ജോബി ജോസഫിന്റെ വീട്ടിൽ നിന്നും 18 ബണ്ടിൽ ഇലക്ട്രിക്കൽ വയറും 25,000 രൂപ വിലവരുന്ന വിദേശ ഷവർ സെററുകളും മോഷ്ടിച്ചു.
കൊടിനാട്ടുകുന്ന് മാലൂർക്കാവ് പുതുപറന്പ് റഷീദ ബീവിയുടെ വീട്ടിലെ അലമാര കുത്തിപ്പൊളിച്ച് നാലു ജോഡി കമ്മലും അപഹരിച്ചു. മോഷണം നടക്കുന്ന സമയത്ത് വീട്ടുകാർ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തൃക്കൊടിത്താനം ചാപ്രത്ത്പടി പുത്തൽ പീടികയിൽ കുര്യാക്കോസിന്റെ വീട്ടിൽ നിന്നും 40 ഇഞ്ചിന്റെ എൽഇഡി ടിവിയും ഫാത്തിമാപുരത്ത് വിദേശമലയാളിയുടെ വീട്ടിൽ നിന്നും മൂന്നു പവന്റെ സ്വർണ്ണമാലയും ഡയമണ്ട് ലോക്കറ്റും മോഷ്ടിച്ച കേസുകൾ തെളിഞ്ഞിട്ടുണ്ട്.
ഇയാളുടെ വാഹനത്തിൽ നിന്നും മോഷണത്തിനുപയോഗിക്കുന്ന അലവാങ്ക്, ലിവർ, ജാക്കി, കട്ടർ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം എസ്പി ഹരിശങ്കറിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, അഡീഷണൽ എസ്ഐ കെ.കെ രാജൻ, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ റെജി, രമേശ് ബാബു,രാജീവ് ദാസ്, ബെന്നി ചെറിയാൻ, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിനു നേതൃത്വം നൽകിയത്.