കൊരട്ടി: ജില്ലയിലെ ആദ്യത്തെ ഐഎസ്ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷനായി കൊരട്ടി പോലീസ് സ്റ്റേഷൻ. സ്റ്റേഷനിൽനിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ മുൻനിർത്തിയാണ് പോലീസ് സ്റ്റേഷനുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്.
കൊരട്ടി പോലീസ് സ്റ്റേഷനിൽ ഫലപ്രദമായ രീതിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവൃത്തികളും, കുറ്റാന്വേഷണം, ക്രമസമാധാനപാലനം, പൊതുജനസമാധാനം ഉറപ്പു വരുത്തൽ, മയക്കുമരുന്ന് തടയുന്നതിലും കണ്ടെത്തി പിടികൂടുന്നതിലുമു ള്ള മികവ്, വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ വരുന്നവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് ഐഎസ്ഒ അധികൃതർ സർട്ടിഫിക്കറ്റ് നൽകുന്നത്.
ജനങ്ങളുടെ പരാതികൾക്കു കാലതമാസം കൂടാതെയുള്ള പരിഹാരം, സ്റ്റേഷനിൽ വരുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, വായനാസൗകര്യം, വിദ്യാർഥികളും പൊതുജനങ്ങളുമായുള്ള ആശയവിനിമയം, സ്റ്റേഷൻ പരിധികളിലെ രണ്ടു ഹൈസ്കൂളുകളിൽ സ്റ്റുഡന്റ്സ് പോലീസ് സംവിധാനത്തിലൂടെ നേടിയ പ്രശംസ എന്നിവയും പരിഗണിച്ചിട്ടുണ്ട്.
കൂടാതെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധികളിലെ പ്രധാന ജംഗ്ഷനുകളിൽ പോലീസിന്റെ സാന്നിധ്യം, ട്രാഫിക് നിയന്ത്രണം, സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ശീതീകരണ സംവിധാനം, പോലീസുകാർക്കായിട്ടുള്ള റിഫ്രഷ്മെന്റ് ഏരിയ, മത്സ്യം വളർത്തൽ, അടുക്കളത്തോട്ടം, തൊണ്ടിമുതലുകളിൽ ക്യൂആർ കോഡ് പതിപ്പിച്ചു കൊണ്ടുള്ള സംവിധാനം എന്നിവയും അധികൃതരുടെ ശ്രദ്ധ നേടി.
ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പാഥേയവും, പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടു പോലീസുകാരുടെ ജീവിതശൈലീരോഗങ്ങൾക്ക് ആവശ്യമായ ചികിത്സാസംവിധാനം ഒരുക്കിയതും ഏറെ ശ്രദ്ധ നേടി.
മൂന്നു മാസമായി ഐഎസ്ഒ അധികൃതർ പല തവണ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. സ്റ്റേഷനിലെ പ്രവർത്തനങ്ങൾ നേരിൽകണ്ട് മനസിലാക്കിയാണ് കൊരട്ടി പോലീസ് സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരമുള്ള ഐഎസ്ഒ സർട്ടിഫൈഡ് സ്റ്റേഷനായി ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചത്.
എസ്പി ഐശ്വര്യ ദോഗ്ര, ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ്, കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍ എന്നിവർ സ്റ്റേഷനു നൽകിയ നിർദേശങ്ങൾ ഈ നേട്ടത്തിനു സഹായകരമായി.
ഐഎസ്ഒ സർട്ടിഫിക്കേഷൻ സെറിമണി സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാലക്കുടി ഡി വൈ എസ്പി സി.ആർ.സന്തോഷ് അധ്യക്ഷനായി. ഐഎസ്ഒ മാർക്കറ്റിംഗ് ഹെഡ് ശ്രീകുമാറിൽ നിന്നും ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോഗ്ര സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍, വാർഡ് മെന്പർ വർഗീസ് തച്ചുപറന്പൻ എന്നിവർ പ്രസംഗിച്ചു.