ന്യൂഡൽഹി: രാജ്യത്താകമാനം കോവിഡ് വൈറസിനെക്കുറിച്ചുള്ള ഭീതിയിലും ആശങ്കയിലും കഴിയവേ ഡൽഹിയിൽ പരിഭ്രാന്തി പരത്തി മലയാളി യുവാവ്.
കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ യുവാവിന് വൈറസ് ബാധ സംശയിച്ചിരുന്നു. ഇക്കാര്യം ഇയാൾ തന്നെയാണ് വെളിപ്പെടുത്തിയത്.
എന്നാൽ, ഇയാൾ ആശുപത്രിയിൽ പോകാതെ നേരെ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ തിരക്കേറിയ സ്ഥലത്തെ ഫ്ളാറ്റിൽ കയറി താമസിച്ചു. ഇതോടെ പ്രദേശവാസികൾക്കിടയിൽ പരിഭ്രാന്തി പടർന്നു.
ബുധനാഴ്ച രാത്രി പരിസര വാസികൾ വിവിധ ഹെൽപ് ലൈൻ നന്പറുകളിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഒടുവിൽ പോലീസ് സഹായത്തോടെ ഡൽഹി ആർഎംഎൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
എന്നാൽ, വ്യാഴാഴ്ച പുലർച്ചെ തന്നെ ഐസൊലേഷൻ വാർഡിൽ നിന്നു ചാടിയ ഇയാൾ വീണ്ടും ഫ്ളാറ്റിലെത്തി. ഇതോടെ പരിസരത്തെ ഫ്ളാറ്റുകളിൽ ഉള്ളവരെല്ലാം പരിഭ്രാന്തരായി.
വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ഫ്ളാറ്റിലെത്തിയ ഇയാൾ നിരവധി പേരുമായി ഇടപഴകുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരവും ഇയാൾ ഫ്ളാറ്റിന്റെ വാതിലുകൾ തുറന്ന് അകത്തു കഴിയുകയാണ്.
ഇതിനിടെ പലതവണ പുറത്തു പോകുകയും ചെയ്തു. വീണ്ടും സഹായം തേടിയതോടെ പോലീസ് ആംബുലൻസുമായെത്തി വീണ്ടും ആർഎംഎൽ ആശുപത്രിയിൽ പ്രവേശിച്ചു.