ടെൽഅവീവ്: കര-നാവിക-വ്യോമ യുദ്ധത്തിന് തയാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരവേ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വടക്കൻ ഗാസായിൽനിന്നു നാല് ലക്ഷംപേർ പലായനം ചെയ്തു. ഇപ്പോഴും പലായനം തുടുകയാണ്.
അതേസമയം, ഗാസയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 2,450 ആയി. ഇസ്രയേൽ ആക്രമണത്തില്‍ 9,200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ 1,400 പേര് കൊല്ലപ്പെട്ടതായാണ് വിവരം. ഏഴാം തീയതിയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 279 ആണെന്നും ഇസ്രയേൽ അറിയിച്ചു.
അതേസമയം ഗാസയിൽ കര-നാവിക-വ്യോമ യുദ്ധത്തിന് ഇസ്രയേൽ സന്നാഹം ഊർജിതമാക്കി. പതിനായിരക്കണക്കിന് ഇസ്രേലി സൈനികർ ഞായറാഴ്ചയും ഗാസ അതിർത്തിയിലേക്കു നീങ്ങി. കരയാക്രമണത്തിനു വേണ്ട ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും എത്തിച്ചിട്ടുണ്ട്. പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും.
തെക്കന്‍ ഗാസയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചതായി ഇസ്രയേല്‍ ഊര്‍ജ മന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞെങ്കിലും ഗാസ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളുടെയടക്കം പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണ്. പലയിടത്തും നാമമാത്രമായ ഇന്ധനം മാത്രമണ് അവശേഷിക്കുന്നത്.
ഇസ്രയേലിനെതിരായ ചൈനീസ് നീക്കം നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വൃത്തങ്ങൾ പറയുന്നു. ഗാസ വിഷയത്തിൽ ഇറാൻ ഇടപെട്ടാലുള്ള വൻ സംഘർഷ സാധ്യതയ്ക്ക് ഇന്ത്യ തയാറെടുത്തു കഴിഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറഞ്ഞിരുന്നു. ചൈന ഇറാനെ സഹായിച്ചേക്കാമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
അതിർത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതിൽ 126 സൈനികരുണ്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. എന്നാൽ, ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗർഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേൽ കരുതുന്നത്.
ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് എന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആവർത്തിച്ചു. ഗാസയിൽ കടന്ന് സൈനിക നടപടി ഉടനുണ്ടാകുമെന്നും, വടക്കൻ ഗാസയിൽനിന്നു ജനങ്ങൾ പിന്മാറണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു.
ഗാസ് ഭീകരരിൽനിന്നു തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സത്യസന്ധമായും വേദനയോടെയും സമ്മതിക്കുന്നുവെന്നും ഇസ്രയേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് പറഞ്ഞു.