ഗാസ: ഭക്ഷണത്തിനു കാത്തുനിന്നവർക്കു നേരേ വീണ്ടും ഇസ്രയേൽ ആക്രമണം. യുദ്ധത്തിൽ തകർന്ന വടക്കൻ ഗാസയിലെ ഭക്ഷണസഹായവിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു, 155 പേർക്കു പരിക്കേറ്റു.
വടക്കൻ ഗാസയിൽ ആഴ്ചകളായി സഹായവിതരണം നടത്തുന്ന കേന്ദ്രത്തിനു സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്.
ഭക്ഷണസാധനങ്ങൾ വാങ്ങാൻ കാത്തുനിന്നവരുടെ ഇടയിലേക്ക് ഇസ്രയേലിന്റെ ഷെൽ പതിക്കുകയായിരുന്നെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ നാലിലൊന്ന് പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഭൂരിപക്ഷം പേരും ആക്രമണം നടന്ന വടക്കൻ ഗാസയിലാണ്.
അതേസമയം, പലസ്തീന്റെ ആരോപണം ഇസ്രയേൽ നിഷേധിച്ചു. സംഭവം സമഗ്രമായി പരിശോധിച്ചുവരികയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മുൻപും ഗാസയിൽ ഇസ്രയേൽ സൈന്യം, മാനുഷികസഹായം കാത്തുനിൽക്കുന്നവർക്ക് നേരേ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ഫെബ്രുവരി 29ന് വടക്കൻ ഗാസയിൽ ഭക്ഷണ ട്രക്കിനു ചുറ്റും തടിച്ചുകൂടിയ ആളുകൾക്ക് നേരേ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 118 പേരാണു കൊല്ലപ്പെട്ടത്.