കയ്റോ: തെക്കൻ ഗാസയിലെ റാഫ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയ ഇസ്രേലി സേന ഇന്നലെ തുടർച്ചയായ രണ്ടാം ദിവസവും ടാങ്കുകളുമായി അവിടെ ആക്രമണം നടത്തി. ആക്രമണം പരിമിതമായ രീതിയിൽ ആയിരുന്നുവെന്നാണു സൂചന. ഇസ്രേലി സേനയുടെ റാഫയിലെ ഓപ്പറേഷൻ അമേരിക്കയുടെ ചുവപ്പുവര ലംഘിച്ചിട്ടില്ലെന്നു വൈറ്റ് ഹൗസും വ്യക്തമാക്കി.
ലക്ഷക്കണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന റാഫയിലെ സൈനികനടപടി നിർത്തിവയ്ക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് വകവയ്ക്കാതെയാണ് ഇസ്രയേലിന്റെ നീക്കങ്ങൾ. ചൊവ്വാഴ്ച ഇസ്രേലി ടാങ്കുകൾ നഗരത്തിന്റെ മധ്യഭാഗത്തെത്തി. അതിനു മുന്പത്തെ രാത്രി ശക്തമായ ബോംബിംഗും നടത്തി.
റാഫയുടെ മധ്യ, പടിഞ്ഞാറ് ഭാഗങ്ങളിൽ റെയ്ഡ് നടത്തിയ ഇസ്രേലി ടാങ്കുകൾ ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലേക്കു പിൻവാങ്ങിയെന്നാണു പ്രദേശവാസികൾ പറഞ്ഞത്. ഇസ്രേലി സേനയെ ടാങ്കുവേധ റോക്കറ്റുകളും മോർട്ടാർ ബോംബുകളും ഉപയോഗിച്ചു നേരിട്ടതായി പലസ്തീൻ തീവ്രവാദ സംഘടനകളായ ഹമാസും ഇസ്ലാമിക് ജിഹാദും അറിയിച്ചു.
ഇന്നലെ ഗാസയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെടുകയും മൂന്നു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഇസ്രയേൽ അറിയിച്ചു. റാഫയിലെ കെട്ടിടത്തിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലത്തെ ഇസ്രേലി ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റതായി പലസ്തീൻ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ബോംബിംഗിൽ ഒട്ടേറെ വീടുകൾ തരിപ്പണമായി. ഇസ്രേലി സേന ആളില്ലാ റോബട്ടിക് കവചിതവാഹനങ്ങൾ ഉപയോഗിച്ചു വെടിവയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. റാഫയുടെ ചില ഭാഗങ്ങൾ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ലഭ്യമല്ല.
വടക്കൻ ഗാസയിൽ ഗാസ സിറ്റിയിലും ജബലിയയിലും ഇസ്രേലി സേനയും പലസ്തീൻ തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. ഗാസയിലെ ഇസ്രേലി ആക്രമണത്തിൽ മരിച്ച പലസ്തീനികളുടെ എണ്ണം 36,000ത്തിനു മുകളിലായി.
റാഫയിലെ ഇസ്രേലി ഓപ്പറേഷൻ വലിയ തോതിലുള്ള കരയാക്രമണമാണെന്ന് യുഎസ് കരുതുന്നില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി വ്യക്തമാക്കി. യുഎസിന്റെ നയം മാറേണ്ട വിധത്തിലുള്ള നടപടികളുണ്ടായിട്ടില്ല.
റാഫയിലെ ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിന് ആയുധം നിഷേധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ പറഞ്ഞിരുന്നു. റാഫയിൽ ഞായറാഴ്ച ഇസ്രേലി ആക്രമണത്തിലും തുടർന്നുള്ള തീപിടിത്തത്തിലും 45 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.