ബെയ്റൂട്ട്: ലബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു.
ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഇബ്രാഹിം ഖുബൈസിയാണു കൊല്ലപ്പെട്ടത്. ഇതോടെ മിഡിൽ ഈസ്റ്റിൽ യുദ്ധം വ്യാപിക്കുമോയെന്ന ആശങ്കയിലാണ് ലോകം.
ഇബ്രാഹിം ഖുബൈസിയുൾപ്പെടെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്കേറ്റു. ബെയ്റൂട്ടിലെ ബാബ്ദ ജില്ലയിലെ ഗോബെയ്റിയിൽ പാർപ്പിട സമുച്ചയത്തിനു നേർക്കാണ് ആക്രമണമുണ്ടായത്.
ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ സൈനികമേധാവി നേരത്തേ പറഞ്ഞിരുന്നു. ബെയ്റൂട്ടിൽ ആയിരക്കണക്കിനാളുകൾ വീടുവിട്ട് പലായനം ചെയ്തു. ലബനൻ തലസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
മുതിർന്ന ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലേക്ക് ഹിസ്ബുള്ള ഭീകരരും ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി.
തിങ്കളാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 558 ആയി. മരിച്ചവരിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടുന്നതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1,835 പേർക്കു പരിക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മുന്നൂറിലേറെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണു മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണെന്നാണ് ലബനൻ വ്യക്തമാക്കുന്നത്.