കയ്റോ: ഗാസയിൽ ഇസ്രേലി സേന ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. ഇതോടെ ഒക്ടോബർ ഏഴുമുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,822 ആയി; 56,451 പേർക്കു പരിക്കേറ്റു.
മൂന്നു മാസമായി തുടരുന്ന ഇസ്രേലി ബോംബിംഗിൽ ഗാസയിലെ 70 ശതമാനം വീടുകളും തകർന്നതായി അമേരിക്കയിലെ വാൾ സ്ട്രീറ്റ് ജേർണൽ പത്രം റിപ്പോർട്ട് ചെയ്തു. മൂന്നു ലക്ഷത്തിനും 4.39 ലക്ഷത്തിനും ഇടയിൽ വീടുകളാണ് നശിച്ചത്. പാർപ്പിടങ്ങൾക്കു നേരേ 29,000 ബോംബുകളാണ് വർഷിച്ചത്.
ചരിത്ര, സാംസ്കാരിക പ്രാധാന്യമുള്ള ഇരുന്നൂറോളം സ്ഥലങ്ങളും നശിച്ചു. ബൈസാന്റിയൻ പള്ളികൾ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ മുതലായവയ്ക്ക് പുതുക്കിപ്പണിയാൻ പറ്റാത്തതരത്തിൽ നാശനഷ്ടം നേരിട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.