ടെഹ്റാൻ: ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെ കൊലപ്പെടുത്തിയതിനു പ്രതികാരമായി ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഉത്തരവിട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്.
ഹനിയ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ചേർന്ന ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഖമനെയ് ഉത്തരവിട്ടതെന്നാണു റിപ്പോർട്ട്.
പരമോന്ന നേതാവിന്റെ നിർദേശം തീർച്ചയായും യുക്തമായ സമയത്ത്, യുക്തമായ സ്ഥലത്ത് നടപ്പാക്കുമെന്ന് ഇന്നലെ ടെഹ്റാനിൽ ഹനിയയുടെ വിലാപയാത്രയിൽ സംസാരിക്കവേ ഇറേനിയൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫ് പറഞ്ഞു.
അതേസമയം, അടുത്ത ദിവസങ്ങളിൽ തന്റെ രാജ്യം ശത്രുക്കൾക്ക് ‘തകർപ്പൻ പ്രഹരങ്ങൾ’ നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണു മുന്നിലെന്നും അദ്ദേഹം ഇസ്രേലികൾക്ക് മുന്നറിയിപ്പ് നൽകി.
ബെയ്റൂട്ടിൽ നടത്തിയ ആക്രമണം മുതൽ എല്ലാ ഭാഗത്തുനിന്നും ഭീഷണികൾ വരുന്നുണ്ടെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും നെതന്യാഹു പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ ടെൽ അവീവിലെ സൈനിക ആസ്ഥാനത്തു മൂന്നു മണിക്കൂർ നീണ്ട സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭായോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ ടെഹ്റാനിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ട കാര്യം നെതന്യാഹു പരാമർശിച്ചില്ല.
ഇസ്രയേലിനു തിരിച്ചടി നൽകുന്നതുമായി ബന്ധപ്പെട്ട് അയൽരാജ്യങ്ങളായ ലബനൻ, ഇറാക്ക്, യെമൻ എന്നീ രാജ്യങ്ങളിലെ ഭീകരസംഘടനകളുടെ പ്രതിനിധികളുമായി ഇന്നലെ ഇറാന്റെ ഉന്നതനേതാക്കൾ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഹമാസിനു പുറമെ യെമനിലെ ഹൂതികൾ, ലബനനിലെ ഹിസ്ബുള്ള, ഇറാക്കിലെ വിമത സംഘടനകൾ എന്നിവയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഹനിയയുടെ കൊലപാതകത്തിനു പിന്നിൽ അമേരിക്കയാണെന്നും അമേരിക്കയുടെ അറിവില്ലാതെ ഇതു സംഭവിക്കില്ലെന്നും യുഎന്നിലെ ഇറാന്റെ സ്ഥിരം സ്ഥാനപതി സയീദ് ഇറാവാനി ആരോപിച്ചു.
മേഖലയിൽ സമാധാനവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകിയ ഇറാന്റെ പുതിയ സർക്കാരിന്റെ ആദ്യദിനംതന്നെ അലോസരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയുടെ അറിവോടെ ഇസ്രയേൽ നടത്തിയ രാഷ്ട്രീയനീക്കംകൂടിയാണ് ഹനിയയുടെ കൊലപാതകമെന്നും ഇറാവാനി കൂട്ടിച്ചേർത്തു.
എന്നാൽ, ഹനിയയുടെ കൊലപാതകത്തിൽ രാജ്യത്തിനു പങ്കില്ലെന്നും ഇക്കാര്യത്തിൽ ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും യുഎന്നിലെ അമേരിക്കൻ ഡെപ്യൂട്ടി സ്ഥാനപതി റോബർട്ട് വൂഡ് പറഞ്ഞു.
അതേസമയം, പ്രകോപനങ്ങൾ ഉപേക്ഷിച്ച് വെടിനിർത്തൽ ചർച്ചകളുമായി മുന്നോട്ടുപോകാൻ രാജ്യാന്തര സമൂഹം ഹമാസിനോടും ഇസ്രയേലിനോടും അഭ്യർഥിച്ചു. പ്രകോപനപരമായ നടപടികളിൽനിന്ന് എല്ലാവരും പിന്തിരിയണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും ആവശ്യപ്പെട്ടു.
ഇസ്മയിൽ ഹനിയയുടെ മൃതദേഹവും വഹിച്ച് ഇന്നലെ ടെഹ്റാനിൽ നടന്ന വിലാപയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. പരമോന്നത നേതാവ് ഖമനെയ് പ്രാർഥനകൾക്കു നേതൃത്വം നൽകി. സംസ്കാരം ഇന്നു ഖത്തറിൽ നടക്കും.