ടെൽ അവീവ്: വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും മൂന്നു സൈനികർക്കു താക്കീതു നല്കിയെന്നും ഇസ്രയേൽ അറിയിച്ചു.
തിങ്കളാഴ്ചത്തെ ദാരുണ സംഭവത്തിൽ ആഗോളതലത്തിൽ സഖ്യകക്ഷികളിൽനിന്നടക്കം അതിരൂക്ഷ വിമർശനം നേരിടുന്നതിനിടെ, ആക്രമണം വലിയ അപരാധമാണെന്നു സമ്മതിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ നടപടി.
ആക്രമണത്തിനു നേതൃത്വം നല്കിയ മേജർ റാങ്കിലുള്ള ബ്രിഗേഡ് ഫയർ സപ്പോർട്ട് കമാൻഡർ, റിസർവ് സേനയിൽ കേണൽ റാങ്കുള്ള ബ്രിഗേഡ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെയാണു പുറത്താക്കിയത്.
ഡ്രോൺ പകർത്തിയ അവ്യക്ത ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഗുരുതരമായ ചട്ടലംഘനം നടന്നുവെന്നും ഇസ്രയേൽ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിട്ട. മേജർ ജനറൽ യൊവാവ് ഹാർ-ഇവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഇനി സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സൈനിക വക്താവ് ഡാനിയൽ ഹാഗാരി പറഞ്ഞു.