ടെൽ അവീവ്: ഇസ്രയേലിന്റെ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ ജബലിയ ദുരിതാശ്വാസ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 ആയി.
120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിടത്തിനടിയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. രണ്ടുതവണ ഇവിടെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഗാസയിൽ ഇതുവരെ 8796 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 3648 കുട്ടികളാണ്. 34 മാധ്യമപ്രവർത്തകർക്കും ജീവൻ നഷ്ടമായി. അതേസമയം, ഹമാസ് ആക്രമണത്തിൽ 24 മണിക്കൂറിനിടെ 16 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.
ആക്രമണം തുടരുന്നതിനിടെ തുറന്ന റഫാ ഗേറ്റ് വഴി ആദ്യ ദിവസം 411 പേർ ഗാസാ അതിർത്തി കടന്ന് ഈജിപ്തിലെത്തി. 335 വിദേശ പൗരന്മാരും ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലെത്തിയത്.
ബ്രിട്ടൺ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും എൻജിഒകളിൽ പ്രവർത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്. ഇനി എത്ര പേർക്ക് അനുമതി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല.
പലസ്തീനിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾക്ക് യുഎഇയിൽ ചികിത്സ നൽകും. 1000 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും വിവിധ ആശുപത്രികളിൽ ചികിത്സ നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. റെഡ് ക്രോസ് ഇന്റനാഷണൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് വാഗ്ദാനം.