ഗാസ: ഇസ്രയേൽ വ്യോമാക്രമണത്തിൽ പലസ്തീനിലെ പ്രശസ്ത ഹാസ്യനടന്റെ വീട് തകർന്ന് 23 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. സെൻട്രൽ ഗാസയിലെ ദേർ അൽ-ബലാഹിലുള്ള ഹാസ്യനടൻ മഹ്മൂദ് സുവൈറ്ററിന്റെ വീടാണ് വ്യോമാക്രമണത്തിൽ തകർന്നത്.
സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഒരു കുടുംബത്തിലെ അംഗങ്ങളാണു മരിച്ചവരെല്ലാം. ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുവൈറ്ററിന് ഇൻസ്റ്റാഗ്രാമിൽ 1.2 ദശലക്ഷത്തിലധികം ആരാധകരുണ്ട്.
അതേസമയം യുദ്ധാനന്തര ഗാസയുടെ ഭാവി സംബന്ധിച്ച പദ്ധതിരേഖ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തിറക്കി. ഇതു പ്രകാരം ഗാസയുടെ സുരക്ഷാ ചുമതല അനിശ്ചിത കാലത്തേക്ക് ഇസ്രയേലിനായിരിക്കും. ഇസ്രേലിവിദ്വേഷം പേറുന്ന ഗ്രൂപ്പുകളുമായി ബന്ധമില്ലാത്ത പലസ്തീനികൾക്കായിരിക്കും ഭരണച്ചുമതല.
വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റിയെക്കുറിച്ച് രേഖയിൽ പരാമർശമില്ല. യുദ്ധാനന്തര ഗാസ പലസ്തീൻ അഥോറിറ്റിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. നെതന്യാഹു നേരത്തേ തന്നെ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.