വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ വീണ്ടും ഗാസയിൽ അധിനിവേശം നടത്തുന്നതിൽ അമേരിക്കയ്ക്കുള്ള എതിർപ്പ് ആവർത്തിച്ച് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
എബിസി ചാനലിനു നല്കിയ അഭിമുഖത്തിൽ, യുദ്ധാനന്തരം ഗാസ വീണ്ടും ഇസ്രേലി നിയന്ത്രണത്തിലാകുന്നതിനെ യുഎസ് പിന്തുണയ്ക്കുമോ ചോദ്യത്തിന് “ഇല്ല” എന്ന് അദ്ദേഹം മറുപടി നല്കി.
ഗാസയിൽ വീണ്ടും ഇസ്രയേൽ അധിനിവേശം ഉണ്ടാകരുത്. അതുപോലെതന്നെ ഗാസ വീണ്ടും ഭീകരതയുടെ വിളനിലമാകാനും പാടില്ല. പലസ്തീൻകാർക്കു രാഷ്ട്രീയ അവകാശങ്ങളും സ്വന്തം രാജ്യം ഭരിക്കാനുള്ള കഴിവുമാണ് ഉണ്ടാകേണ്ടത്.
ഗാസയിലെ അൽഷിഫ ആശുപത്രിക്കു കീഴെയുള്ള തുരങ്കങ്ങളിൽ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു. ആശുപത്രിയും സ്കൂളും മറയാക്കുന്നതിലൂടെ ഹമാസ് എല്ലാവരുടെയും സുരക്ഷ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധാനന്തരം ഗാസയുടെ സുരക്ഷാചുമതല ഏറ്റെടുക്കുമെന്ന ഇസ്രേലി നേതാക്കളുടെ പ്രസ്താവനകളിൽ യുഎസിനുള്ള എതിർപ്പാണു ബ്ലിങ്കൻ വ്യക്തമാക്കിയത്. ഗാസയുടെ ഭാവിയിൽ വെസ്റ്റ്ബാങ്കിലെ പലസ്തീൻ ഭരണകൂടത്തെയും ഉൾപ്പെടുത്താനാണു യുഎസ് ശ്രമിക്കുന്നത്. ഗാസയിൽ പലസ്തീൻ അഥോറിറ്റി ഭരണം വേണ്ടെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിട്ടുള്ളത്.
ബ്ലിങ്കൻ കഴിഞ്ഞദിവസം ഇസ്രേലി പ്രതിപക്ഷ നേതാവും യുദ്ധകാര്യ മന്ത്രിസഭാംഗവുമായ ബെന്നി ഗാന്റ്സിനെ ഫോണിൽ വിളിച്ച്, വെസ്റ്റ്ബാങ്കിലെ സംഘർഷം ശമിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ഈജിപ്ഷ്യൻ, ജോർദാനിയൻ വിദേശകാര്യ മന്ത്രിമാരുമായും ഫോണിൽ ബന്ധപ്പെട്ട ബ്ലിങ്കൻ, ഗാസയിലെ പല്തീനികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ചർച്ച ചെയ്തു.