ജറുസലേം: ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അതിനെ ആർക്കും തടയാനാവില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇക്കാര്യം നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജറുസലേമിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ യുഎസ് ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വെടിനിർത്തലിന് ഇടയിലും ജറുസലേമിൽ മൂന്നു പേരെ ഹമാസ് ഭീകരർ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ഭീകരർ നടത്തിയ വെടിവയ്പിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഹമാസിന്റെ തടവിൽ കഴിയുന്ന ബാക്കിയുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിൽ ശാശ്വത വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. യുഎൻ രക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാടു വ്യക്തമാക്കിയത്. ഗാസയിൽ സമ്പൂർണ വെടിനിർത്തലുണ്ടാകണമെന്നും കൂടുതൽ സഹായമെത്തിക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും അവശ്യപ്പെട്ടു.