ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം രണ്ടുമാസം പൂർത്തിയായ ഇന്നലെ ഗാസയിലുടനീളം രൂക്ഷമായ ഏറ്റുമുട്ടൽ തുടർന്നു. വിമാനങ്ങളുടെയും ടാങ്കുകളുടെയും പിന്തുണയോടെ മുന്നേറുന്ന ഇസ്രേലി സേന ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലും രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിലും വൻ ആക്രമണമാണു നടത്തിയത്.
ഹമാസ് നേതാവ് യെഹ്യ സിൻവറുടെ ഖാൻ യൂനിസിലെ വസതിക്കു സമീപം സേന എത്തിയതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. സിൻവർ ഇവിടെനിന്നു രക്ഷപ്പെട്ടാലും വൈകാതെ ഇസ്രേലി സേന കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയുടെ തെക്കേ അറ്റത്ത് ഈജിപ്തിനോടു ചേർന്ന റാഫയിലും ഇന്നലെ വ്യോമാക്രമണമുണ്ടായി. ബുധനാഴ്ച രാത്രി എട്ടു തവണ റാഫയിൽ ബോംബാക്രമണം ഉണ്ടായിരുന്നു. ഇസ്രേലി ആക്രമണം മൂലം പലായനം ചെയ്ത 19 ലക്ഷത്തോളം പലസ്തീനികൾ റാഫയോടു ചേർന്ന പ്രദേശങ്ങളിലാണുള്ളത്. ഗാസയിലേക്കു പരിമിതമായ തോതിൽ ഇന്ധനം കടത്തിവിടാൻ ബുധനാഴ്ച ഇസ്രയേൽ സമ്മതിച്ചിരുന്നു.
ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ തെക്കൻ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയാണു യുദ്ധം തുടങ്ങിയത്. ഭീകരാക്രമണത്തിൽ 1,200 ഇസ്രേലികളാണു കൊല്ലപ്പെട്ടത്. 138 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയിലുണ്ട്. നൂറോളം ബന്ധികളെ വെടിനിർത്തൽ കാലയളവിൽ മോചിപ്പിച്ചിരുന്നു.
ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ 16,200 പേർ മരിച്ചതായാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിൽ ഇസ്രേലി സേനയും അനധികൃത കുടിയേറ്റക്കാരും നടത്തിയ ആക്രമണങ്ങളിൽ 250നു മുകളിൽ പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ വംശജനായ ഇസ്രേലി ഭടൻ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരർക്കെതിരേ നടക്കുന്ന യുദ്ധത്തിൽ ഇന്ത്യൻ വംശജനായ ഇസ്രേലി സൈനികൻ മാസ്റ്റർ സെർജന്റ് (റിസർവ്) ഗിൽ ഡാനിയേൽസ് (34) കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിൽ വേരുകളുള്ള ഇദ്ദേഹം ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടതെന്ന് ഇസ്രേലി സേന അറിയിച്ചു. ഇസ്രയേലിലെ ആഷ്ദോദിൽ സംസ്കാരം നടത്തി.
റിസർവ് ഭടനായിരുന്ന ഗിൽ ഹമാസിനെതിരായ യുദ്ധത്തിൽ പങ്കുചേരാനായി ഒക്ടോബർ പത്തിനു വീണ്ടും സേവനത്തിനിറങ്ങുകയായിരുന്നുവെന്ന് ഇന്ത്യൻ ജൂയിഷ് ഹെറിറ്റേജ് സെന്റർ അറിയിച്ചു.
ഗാസയിൽ 86 ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടുവെന്നാണു കണക്ക്. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിനുശേഷം കുറഞ്ഞത് നാല് ഇന്ത്യൻ വംശജരായ ഇസ്രേലി ഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്.