ടെല്‍ അവീവ്: ഇസ്രയേല്‍ ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,300 കടന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ 51 പേര് കൊല്ലപ്പെടുകയും 281 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ഗാസയിലെ ഏക വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നാണ് പവര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ആശുപത്രികളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ ജനറേറ്ററുകളെ ആശ്രയിക്കേണ്ടിവരും. എന്നാല്‍ ഡീസല്‍ ക്ഷാമം നേരിടുന്നതിനാല്‍ ഇവയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്.
ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണമായി വിച്ഛേദിച്ചു. എന്നാല്‍ ഗാസയിലെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ഥിച്ചു.
ബന്ധികളെ ഹമാസ് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.
ഗാസയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജീപ്തുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു.
അതേ സമയം, യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം ഇന്ത്യ പ്രഖ്യാപിച്ച ഓപ്പറേഷന് അജയ് എന്ന ദൗത്യം ഇന്നാരംഭിക്കും. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ടെല്‍ അവീവില്‍ നിന്നും ഡല്‍ഹിയിലേക്ക് വ്യാഴാഴ്ച തിരിക്കും.
ഇസ്രയേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യാക്കെരെയും തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.18,000 ഇന്ത്യക്കാരെ കൂടാതെ, ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ 60,000ല്‍ പരം ഇന്ത്യന്‍ വംശജരും സഹായം തേടിയിട്ടുണ്ട്.
ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കുന്നു. സ്ഥിതി നിരീക്ഷിക്കാന്‍ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂര്‍ കൺട്രോള് റൂം തുറന്നിട്ടുണ്ട്.
യുദ്ധ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡര്‍ നിര്‍ദേശിച്ചിട്ടുണ്ട്.