റിയാദ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന ഗാസയിലേക്കു സഹായവുമായി സൗദി അറേബ്യ. ദുരിതാശ്വാസ, പാർപ്പിട സാമഗ്രികൾ ഉൾപ്പെടെ 35 ടൺ വസ്തുക്കളുമായി സൗദിയുടെ ആദ്യവിമാനം ഈജിപ്തിലെ അരീഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശത്തെത്തുടർന്ന് കെഎസ് റിലീഫ് സൗദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ കാമ്പയിനിന്റെ ഭാഗമായാണിത്. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ഗാസയ്ക്ക് സഹായങ്ങളുമായി പോകും.
അതേസമയം, ഗാസയിലെ ഹമാസ് കേന്ദ്രം തകര്‍ത്തെന്നും 50 ഹമാസ് അംഗങ്ങൾ വധിക്കപ്പെട്ടെന്നും ഇസ്രയേല്‍ അറിയിച്ചു. യുദ്ധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇവിടെനിന്ന് പലസ്തീൻകാർ കൂട്ടപ്പലായനം നടത്തുകയാണ്.
അതിനിടെ വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് ഇസ്രയേല്‍ സമ്മതിച്ചതായി അമേരിക്ക വ്യക്തമാക്കി. ദിവസം നാലു മണിക്കൂര്‍ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതം അറിയിച്ചത്. സാധാരണക്കാർക്ക് ഒഴിഞ്ഞുപോകാനും അവശ്യവസ്തുക്കൾ എത്തിക്കാനുമാണു വെടിനിർത്തൽ.