ഗാസ: ലോകത്തെയാകെ അസ്വസ്ഥമാക്കി ഒന്നരമാസം പിന്നിട്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ താൽകാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ സമയം ഇന്നു രാവിലെ ഏഴ് മുതലാണ് വെടിനിർത്തൽ തുടങ്ങിയത്.
നാലു ദിവസത്തേക്കാണു വെടിനിർത്തൽ. നാലു ദിവസവും എല്ലാ നടപടികളും ഹമാസും ഇസ്രയേൽ സൈന്യവും നിർത്തിവയ്ക്കും. യുദ്ധക്കെടുതികളിൽ വിറങ്ങലിച്ചുനിന്ന ഗാസ മുനമ്പിൽ ഇതോടെ ആശ്വാസത്തിന്റെ തിരിവെട്ടം തെളിഞ്ഞു.
വെടിനിർത്തൽ കരാർ അനുസരിച്ചുള്ള ബന്ദികളുടെ ആദ്യ സംഘത്തെ ഇന്നു വൈകീട്ട് നാലോടെ ഹമാസ് മോചിപ്പിക്കും. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇന്റലിജൻസ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു.
പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെയാണ് ഹമാസ് വിട്ടയയ്ക്കുന്നത്. റെഡ്ക്രോസിനാണ് ഇവരെ കൈമാറുക. നാല് ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാർ.
ഇതിനുശേഷം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന് തടവുകാരെ മോചിപ്പിക്കാനും ധാരണയുണ്ട്. എന്നാൽ, എത്രപേരെ വിട്ടയയ്ക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറാണ് നിര്‍ണായക ചർച്ചകൾക്ക് മധ്യസ്ഥം വഹിച്ചത്. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അറിയിച്ചു.
അതേസമയം, യുദ്ധം അവസാനിക്കുന്നില്ലെന്നും വെടിനിർത്തൽ കാലഘട്ടം കഴിഞ്ഞാലുടൻ പോരാട്ടം തീവ്രമായി പുനരാരംഭിക്കുമെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. 15,000 ഓളം പേരാണ് ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.