ഗാസസിറ്റി: ഗാസയിൽ ഹമാസിനെതിരായ യുദ്ധം 80 ദിവസം പിന്നിടുന്പോൾ യുദ്ധം അവസാനിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ.
യുദ്ധം അവസാനിപ്പിക്കുന്നതിനായി രാജ്യാന്തര തലത്തിൽ തന്നെ സമ്മർദം ഉയരുന്നതിനിടൊണ് കരയാക്രമണം കൂടുതൽ രൂക്ഷമാക്കാനുള്ള നിർദേശവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തത്തിയത്.
ഗാസയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികരെ കണ്ടു മടങ്ങിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. ‘‘ഞങ്ങൾ അവസാനിപ്പിക്കുന്നില്ല. പോരാട്ടം തുടരുകയാണ്, വരും ദിവസങ്ങളിൽ അത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, അവസാനിക്കാറായിട്ടില്ല.’’ നെതന്യാഹു പറഞ്ഞു.
നൂറോളം ബന്ദികൾ ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ട്. സൈനിക സമ്മദർം ചെലുത്താതെ അവരെ മോചിപ്പിക്കാനാകില്ലെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൂടി കൊല്ലപ്പെട്ടു. ഒറ്റരാത്രിയിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറു കവിഞ്ഞതായാണു റിപ്പോർട്ട്.
മധ്യ ഗാസയിലെ മഗസി അഭയാർഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 20,674 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.