ജറൂസലെം: വെടിനിർത്തലിനായുള്ള ലോകരാഷ്ട്രങ്ങളുടെ ആവശ്യം തള്ളി ഇസ്രയേൽ. അവസാനം വരെ ആക്രമണം തുടരുമെന്നും മറ്റു ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒന്പത് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രതികരണം.
വടക്കൻ ഗാസയിൽ ഇസ്രയേൽ സന്പൂർണ പ്രതിരോധം ഏർപ്പെടുത്തിയെങ്കിലും ശക്തമായി പ്രതിരോധിക്കുന്ന ഹമാസിനു പലസ്തീനികൾക്കിടയിൽ പിന്തുണയേറിവരികയാണ്. അതേസമയം, ഇസ്രയേലിന്റെ ഏറ്റവും പ്രധാന സഖ്യകക്ഷിയായ അമേരിക്ക, സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ വിമർശിക്കുകയും ചെയ്തു.
യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്നലെ ഇസ്രയേലിലെത്തി പ്രധാനമന്ത്രി നെതന്യാഹുവുമായി ചർച്ച നടത്തി. സാധാരണക്കാരെ വെറുതെ വിടണമെന്നും ഭീകരരെ ലക്ഷ്യമിട്ട് കൃത്യതയുള്ള ആക്രമണങ്ങൾ നടത്തണമെന്നുമാണ് അമേരിക്കയുടെ ആവശ്യം.
കനത്ത പോരാട്ടം
യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രേലി സൈന്യം വളഞ്ഞ ഷിജൈയ്യ, ഗാസ നഗരത്തിന്റെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ കനത്ത പോരാട്ടം തുടരുകയാണ്. ഒഴിഞ്ഞുപോകണമെന്ന നിർദേശം തള്ളി ആയിരങ്ങൾ ഇവിടെ തുടരുന്നു. ഗാസ സുരക്ഷിതമല്ലെന്നും ഒഴിഞ്ഞുപോയാൽ ഒരിക്കലും മടങ്ങിവരവ് സാധ്യമല്ലെന്നുമാണ് ഇവരുടെ ആശങ്ക.
കനത്ത പോരാട്ടം നടക്കുന്ന റാഫയ്ക്കു സമീപത്തെ അൽ-സലാമിൽ സാധാരണക്കാർക്കു രക്ഷപ്പെടുന്നതിനായി ഇസ്രേലി സേന നാലു മണിക്കൂർ വെടി നിർത്തി. ഗാസയുടെ ദക്ഷിണമേഖലയിൽ ഈജിപ്തുമായി അതിർത്തി പങ്കിടുന്ന നഗരമാണു റാഫ.
ഗാസയിലെ ആശുപത്രിയിൽ 70 ഹമാസ് ഭീകരർ കീഴടങ്ങിയതായി ഇസ്രേലി സേന അറിയിച്ചു. ആയുധങ്ങളുമായി ഇവർ കീഴടങ്ങുന്നതിന്റെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടിട്ടുണ്ട്.
18,787 മരണം
ഇസ്രേലി ആക്രമണങ്ങളിൽ ഇന്നലെ മാത്രം 179 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിതമേഖലയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ യുദ്ധം ആരംഭിച്ചശേഷം പലസ്തീൻ പക്ഷത്ത് മരണം 18,787 ആയി. അര ലക്ഷത്തിലധികം പേർക്കു പരിക്കേറ്റു.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെട്ടതായും പ്രതിരോധത്തിനിടെ തങ്ങളുടെ 130 സൈനികരെ ഹമാസ് വധിച്ചതായും ഇസ്രയേൽ വ്യക്തമാക്കുന്നു.
240 പേരെ തടവുകാരായി പിടിച്ചുകൊണ്ടുപോയി. ഇവരിൽ പകുതിപ്പേരെ അടുത്തിടെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ചു. ഒക്ടോബർ 27ന് കരയാക്രമണം ആരംഭിച്ചശേഷം തങ്ങളുടെ 118 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു.
ഹിസ്ബുള്ളയ്ക്കു നഷ്ടം 100 പേരെ
ഇസ്രയേലുള്ള പോരാട്ടം ആരംഭിച്ചശേഷം തങ്ങളുടെ 100 പോരാളികൾ കൊല്ലപ്പെട്ടതായി ലബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ള.
അടുത്തിടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമായെങ്കിലും സംഘർഷം അതിർത്തി മേഖലകളിൽ ഒതുങ്ങി.