യംഗൂണ്‍: രോഹിങ്ക്യ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ മ്യാന്‍മാറിലെ ഭരണകൂടത്തിന് എല്ലാ സഹായവും നല്‍കുന്നത് ഇസ്രയേലാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും എതിര്‍പ്പിന് പുല്ലുവില കല്‍പ്പിച്ചാണ് ഇസ്രയേലിന്റെ ഈ ചെയ്തിയെന്നും വിവരമുണ്ട്.
നിലവില്‍ മ്യാന്‍മാര്‍ സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ നല്‍കുന്നത് ഇസ്രയേലാണ്. ആര് സമ്മര്‍ദം ചെലുത്തിയാലും ആയുധം നല്‍കുന്നത് നിര്‍ത്തലാക്കല്ലെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കുകയും ചെയ്തു. അത്യാധുനിക ആയുധങ്ങള്‍ ഇനിയും നല്‍കുമെന്നും ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
റോഹിങ്ക്യാകള്‍ കൂടുതല്‍ താമസിക്കുന്ന മ്യാന്‍മാറിലെ റാഖൈന്‍ സംസ്ഥാനത്തു നിന്നാണ് സൈന്യം ഇവരെ തുരത്തിയോടിക്കുന്നത്. ലക്ഷക്കണക്കിനു രോഹിങ്ക്യകളാണു ജീവനുംകൊണ്ട് പലായനം ചെയ്യുന്നത്. മ്യാന്‍മര്‍ സൈന്യത്തിന് ആയുധം നല്‍കുക മാത്രമല്ല ഇസ്രായേല്‍ ചെയ്യുന്നത്. റാഖൈനിലെ പ്രത്യേക സൈന്യത്തിന് ഇസ്രായേലിന്റെ വക സൈനിക പരിശീലനവും നല്‍കുന്നു. മാരക പ്രഹരശേഷിയുള്ള ആയുധങ്ങളാണ് രോഹിങ്ക്യകള്‍ക്കെതിരേ ഉപയോഗിക്കുന്നത്.
സൈനിക ടാങ്കുകള്‍, ആയുധങ്ങള്‍, അതിര്‍ത്തി സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന ബോട്ടുകള്‍ എന്നിവയെല്ലാം മ്യാന്‍മര്‍ സൈന്യത്തിന് നല്‍കുന്നത് ഇസ്രായേലാണ്. മനുഷ്യാവകാശ സംഘടനകളും മ്യാന്‍മര്‍ ഉദ്യോഗസ്ഥരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഇസ്രായേല്‍ നടപടിയെ അവര്‍ രൂക്ഷമായി എതിര്‍ക്കുന്നുമുണ്ട്. മ്യാന്‍മറിന് ആയുധം നല്‍കുന്നതില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം പതിവായി ലംഘിക്കുന്നതിനാലാണ് അമേരിക്ക ആയുധം നല്‍കാതിരിക്കുന്നത്.
രാജ്യത്തെ പൗരന്‍മാരെ അടിച്ചമര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ യൂണിയന്‍ മ്യാന്‍മറിന് ആയുധം നല്‍കുന്നത് തടഞ്ഞിരിക്കുന്നത്. എന്നാല്‍ ഇതൊന്നും ഇസ്രായേലിന് വിഷയമല്ല. ഇസ്രായേലിലെ ആയുധ കമ്പനികളാണ് മ്യാന്‍മര്‍ സൈന്യത്തിന്റെ റാഖൈനിലെ പ്രത്യേക സേനയ്ക്ക് പരിശീലനം നല്‍കുന്നത്. ഇതിന് മുന്നില്‍ നില്‍ക്കുന്നത് ടാര്‍ ഐഡിയര്‍ കണ്‍സെപ്റ്റ്‌സ് എന്ന കമ്പനിയാണ്. ദിനംപ്രതി ആയിരക്കണക്കിന് രോഹിങ്ക്യകളാണ് പലരാജ്യങ്ങളിലേക്ക് പാലായനം ചെയ്തു കൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും ഇവരെ തിരിച്ചയ്ക്കുകയും ചെയ്യുന്നുണ്ട്.