ഗാസ: വെസ്റ്റ് ബാങ്കിലെ ഇബ്ന് സിന ആശുപത്രിയിൽ ഇസ്രയേൽ കമാൻഡോ ആക്രമണം നടത്തി. ഡോക്ടർമാരുടെയും രോഗികളുടെയും വേഷം ധരിച്ചെത്തിയ ഇസ്രയേൽ കമാൻഡോകൾ മൂന്ന് പേരെ വധിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും തീവ്രവാദികളാണെന്നും അവരുടെ കൈയിൽ ആയുധങ്ങളുണ്ടായിരുന്നുവെന്നുമാണ് ഇസ്രയേൽ വിശദീകരണം. എന്നാൽ മൂന്നു പേരെയും ചികിത്സയിലിരിക്കെ ആശുപത്രിക്കിടക്കയിൽ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.
കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് അംഗമാണ്. മറ്റ് രണ്ട് പേർ ഇസ് ലാമിക് ജിഹാദിൻറെയും. കൊല്ലപ്പെട്ട ബസേൽ അൽ ഗവാസി ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ടയാളായിരുന്നുവെന്നും ആശുപത്രിവൃത്തങ്ങൾ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അതേസമയം ഗാസയിൽ താത്കാലിക വെടിനിർത്തലിനുള്ള പുതിയ നിർദേശം പഠിക്കുകയാണെന്ന് ഹമാസ് വിശദമാക്കി. ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 26,700ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.