ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നു.
ഈ മാസം 31ന് ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനം സര്‍വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു.
ജൂലൈ 31 വരെയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ ആയിട്ടുണ്ട്. മേയ് 21ന് ശേഷം ഇസ്രയേല്‍ വീസ അനുവദിച്ചവര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക.
മുമ്പ് വീസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം യാത്രയ്ക്ക് അത്യാവശ്യമാണ്.
നിര്‍ബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണം.
വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ പ്രവാസികള്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.