ദ ഹേഗ്: പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേൽ സൈനികനടപടി ഉടൻ നിർത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഉത്തരവിട്ടു. ഗാസയിലേക്കു സഹായവസ്തുക്കൾ പ്രവേശിക്കേണ്ടതിന് ഈജിപ്തിനോടു ചേർന്ന റാഫ തുറന്നുകൊടുക്കണം.
ഗാസയിൽ അന്വേഷണത്തിനും വസ്തുതാപരിശോധനയ്ക്കും എത്തുന്നവർക്കു തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യങ്ങളിലെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് ഒരു മാസത്തിനകം ഇസ്രയേൽ സമർപ്പിക്കണം.
ഇസ്രയേലിനെതിരേ വംശഹത്യാക്കുറ്റം ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്കിയ കേസിലാണ് ലോക കോടതിയുടെ ഇടക്കാലവിധി. ഇസ്രയേൽ റാഫയിൽ ചെയ്യുന്ന കാര്യങ്ങൾ പലസ്തീൻ ജനതയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്നും അടിയന്തര നടപടികൾ ഇടക്കാലത്തേക്കു വേണമെന്നുമാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടത്.
ഗാസയിൽ വൻതോതിൽ ജനം കൊല്ലപ്പെടുന്നതിലും നാശമുണ്ടാകുന്നതിലും അന്താരാഷ്ട്രതലത്തിൽ വിമർശനം നേരിടുന്ന ഇസ്രയേലിനു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് വിധി. അതേസമയം, ലോക കോടതിയുടെ വിധി പാലിക്കാൻ രാജ്യങ്ങൾക്കു നിയമബാധ്യത ഉണ്ടെങ്കിലും അവ അവഗണിക്കപ്പെടുകയാണു പതിവ്.
ഗാസയിലെ ഒഴിപ്പിക്കൽ പോലുള്ള നടപടികൾ പലസ്തീനികളുടെ സുരക്ഷ ഉറപ്പുവരുത്തിയെന്നു ബോധ്യപ്പെടുത്താൻ ഇസ്രയേലിനു കഴിഞ്ഞില്ലെന്ന് കോടതി അധ്യക്ഷൻ ജഡ്ജി നവാഫ് സലാം ചൂണ്ടിക്കാട്ടി.
റാഫയിലെ സ്ഥിതിവിശേഷം ഗാസ ജനതയ്ക്കു കൂടുതൽ അപകടം സൃഷ്ടിക്കുന്നതാണ്. ഇസ്രേലി ബന്ദികൾ ഇപ്പോഴും ഗാസയിലെ ഹമാസിന്റെ കസ്റ്റഡിയിൽ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അവരെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഗാസ വിഷയത്തിൽ ലോക കോടതി ഇസ്രയേലിനെതിരേ പുറപ്പെടുവിക്കുന്ന ആദ്യ വിധിയാണിത്. ദക്ഷിണാഫ്രിക്ക നല്കിയ വംശഹത്യാക്കുറ്റത്തിൽ വിധി വരാൻ വർഷങ്ങളെടുക്കും. യഹൂദർ നാസികളിൽനിന്നു നേരിട്ട പീഡനം മറ്റാർക്കുമുണ്ടാകാതിരിക്കാൻ വംശീയ ഉന്മൂലനത്തിനെതിരേ 1948ൽ അംഗീകരിച്ച അന്താരാഷ്ട്ര ഉടന്പടിയുടെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക കേസ് കൊടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലും (ഐസിസി ) ഇസ്രയേലിനു പ്രതികൂലമായ നീക്കങ്ങൾ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നെതന്യാഹു അടക്കമുള്ള ഇസ്രേലി നേതൃത്വത്തിനും ഹമാസ് നേതാക്കൾക്കും എതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഐസിസി പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരിക്കുകയാണ്.