ബാഗ്ദാദ്: ഇറാഖിലുള്ള ഇസ്രയേലിന്റെ “ചാരപ്രവർത്തനകേന്ദ്രം’ ആക്രമിച്ചെന്ന് ഇറാൻ. ഇറാഖിലെ അർധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാനിൽ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. ഇറാൻ റെവല്യൂഷണറി ഗാർഡുകളെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ആണ് ആക്രമണ വിവരം പുറത്തുവിട്ടത്.
മേഖലയിലെ ചാരപ്രവർത്തനകേന്ദ്രങ്ങളോടൊപ്പം ഇറാനെതിരേയുള്ള ഭീകര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഇസ് ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ളവർക്കെതിരേയും ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഗാർഡ്സ് പ്രസ്താവനയിൽ വ്യക്തമാക്കി.
കുർദിസ്ഥാൻ തലസ്ഥാനമായ എർബിലിനു വടക്കുകിഴക്ക് യുഎസ് കോൺസുലേറ്റിനു സമീപമുള്ള റെസിഡൻഷൽ ഏരിയയിലാണ് ആക്രമണമുണ്ടായത്. അതേസമയം മിസൈൽ ആക്രമണം യുഎസ് സ്ഥാപനങ്ങളെ ബാധിച്ചിട്ടില്ലെന്നാണു വിവരം. ഇസ്രയേലും ഭീകരസംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽനിന്ന് ഇറാന്റെ സഖ്യകക്ഷികളും ഹമാസിനെ പിന്തുണച്ചു യുദ്ധരംഗത്തേക്കു പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ മിഡിൽ ഈസ്റ്റിൽ രൂക്ഷമായ സംഘർഷമാണ് ഉടലെടുക്കുന്നത്. ഈ സാഹചര്യത്തിലാണു കഴിഞ്ഞദിവസം ഇറാന്റെ ആക്രമണം.