ബാഗ്ദാദ്: ഇറാനിൽ വ്യോമാക്രമണം നടത്താൻ ഇസ്രയേൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി ആരോപിച്ച് ഇറാഖ്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് പരാതി നൽകിയെന്ന് ഇറാഖ് അറിയിച്ചു.
ഒക്ടോബർ 26ന് ഇറാനിൽ ആക്രമണം നടത്താൻ ഇറാഖിന്റെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിക്കുന്നതായി ഇറാഖ് സർക്കാർ വക്താവ് ബാസിം അലവാദി പറഞ്ഞു.
ഇറാൻ നടത്തിയ വൻ മിസൈൽ ആക്രമണത്തിന് പ്രതികാരമായാണ് ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ നാല് ഇറാൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.