ടെഹ്റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിനുനേരേ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിൽനിന്ന് ആക്രമണമുണ്ടാകുമെന്നാണ് വിവരം.
ഇസ്രയേലിന്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ഉന്നം വയ്ക്കുക. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുൻപ് ആക്രമണം നടത്താനാണ് ഇറാൻ ആലോചിക്കുന്നതെന്ന് ഇസ്രയേൽ ഇന്റലിജൻസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനിലെ തന്ത്രപ്രധാന ലക്ഷ്യങ്ങൾക്കെതിരേ ഇസ്രയേലിന്റെ ആക്രമണം ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനകൾ വഴി ആക്രമണം നടത്തുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേലിനെതിരേ 200 ലധികം മിസൈലുകൾ ഉപയോഗിച്ച് ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ ശനിയാഴ്ച ഇസ്രയേൽ സൈനിക വിമാനങ്ങൾ ടെഹ്റാനു സമീപവും പടിഞ്ഞാറൻ ഇറാനിലുമുള്ള മിസൈൽ ഫാക്ടറികളും മറ്റും ആക്രമിച്ചിരുന്നു.
അതിനിടെ ലെബനനിൽനിന്ന് ഇസ്രയേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നാലു വിദേശ തൊഴിലാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു.