ജറൂസലേം: ശക്തമായ ജനകീയ പ്രതിഷേധം അവഗണിച്ച്, സുപ്രീംകോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ജുഡീഷറി പരിഷ്കരണ ബിൽ ഇസ്രേലി പാർലമെന്റായ നെസെറ്റ് പാസാക്കി.
ഇതോടെ സർക്കാരിന്റെ തീരുമാനങ്ങൾ റദ്ദാക്കാനുള്ള അധികാരം കോടതിക്കു നഷ്ടമായി. ഹൃദയസംബന്ധമായ പ്രശ്നങ്ങൾമൂലം അടിയന്തര ശസ്ത്രക്രിയയിലൂടെ പേസ്മേക്കർ ഘടിപ്പിക്കപ്പെട്ട പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ ആശുപത്രിവിട്ട് പാർലമെന്റിലെത്തി.
റിസർവ് സൈനികരും ജഡ്ജിമാരും ബിസിനസ് രംഗത്തെ പ്രമുഖരുമെല്ലാം ഉയർത്തിയ പ്രതിഷേധങ്ങൾ അവഗണിച്ചാണു നെതന്യാഹു സർക്കാരിന്റെ നടപടി. ഇസ്രയേലിന്റെ ജനാധിപത്യം കവർന്നെടുക്കാനാണ് നെതന്യാഹു സർക്കാർ ശ്രമിക്കുന്നതെന്നു പ്രതിപക്ഷവും ജനങ്ങളും ആരോപിച്ചു.
വർഷമാദ്യം ജുഡീഷറി പരിഷ്കരണം പ്രഖ്യാപിക്കപ്പെട്ടതുമുതൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. ഇസ്രയേലിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത പ്രതിഷേധം രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിനു തുല്യമാണെന്നും പറയുന്നു.
കഴിഞ്ഞയാഴ്ച അവസാനം ടെൽ അവീവിൽനിന്നു ജറൂസലേമിലേക്കു പതിനായിരങ്ങൾ മാർച്ച് ചെയ്തിരുന്നു. ഇന്നലെ വോട്ടെടുപ്പിനു മുന്പായി പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ചവരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചാണു തുരത്തിയത്.
തനിക്കെതിരായ അഴിമതിക്കേസുകളിൽനിന്നു രക്ഷപ്പെടാൻവേണ്ടിക്കൂടിയാകാം നെതന്യാഹു കോടതിക്കു കൂച്ചുവിലങ്ങിടുന്നതെന്ന് ആരോപണമുണ്ട്.
അതേസമയം, ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന കോടതിയെ നിയന്ത്രിക്കേണ്ടതു സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമാണെന്നാണു ഭരണകൂടം പറയുന്നത്.