ചാത്തന്നൂർ: ഇസ്രയേൽ സ്വദേശിനി സത്വവയുടെ മരണം ആത്മഹത്യയാണെന്നും ഒന്നിച്ച് ജീവനൊടുക്കാൻ ദിവസങ്ങൾക്ക് മുമ്പേ തീരുമാനമെടുത്തതാണെന്നും ആശുപത്രിയിൽ കഴിയുന്ന കൃഷ്ണചന്ദ്രൻ മൊഴി നല്കിയതായി പോലീസ്.
ആത്മഹത്യാ ക്കുറിപ്പ് മേശപ്പുറത്ത് എഴുതിവച്ചിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൃഷ്ണചന്ദ്രന്റെ രോഗങ്ങളാണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ.
മുഖത്തല വെട്ടിലത്താഴം കോടാലി മുക്ക് തിരുവാതിരയിൽ കൃഷ്ണചന്ദ്രൻ (75) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. കൃഷ്ണചന്ദ്രനൊപ്പം താമസിച്ചിരുന്ന ഇസ്രയേൽ സ്വദേശിനി സത്വവ (36) യാണ് കഴുത്തിന് മുറിവേറ്റ് ഇന്നലെ മരിച്ചത്.
കൃഷ്ണചന്ദ്രന്റെ മൊഴിയെക്കുറിച്ച് പോലീസ് പറഞ്ഞത്- ഉത്തരാഖണ്ഡിൽ ദീർഘകാലം യോഗാധ്യാപകനായിരുന്ന കൃഷ്ണചന്ദ്രൻ അവിടെ വച്ചാണ് സത്വവയെ പരിചയപ്പെടുന്നത്. യോഗ പഠിക്കാനെത്തിയതായിരുന്നു സത്വവ. ഗുരു-ശിഷ്യ ബന്ധം ഭാര്യാ ഭർതൃ ബന്ധത്തിലെത്തുകയായിരുന്നു.
ഇവർ വിവാഹിതരാണെന്നും സത്വവയ്ക്ക് ഇന്ത്യൻ പൗരത്വമുണ്ടെന്നുമാണ് കൃഷ്ണചന്ദ്രൻ പറയുന്നത്. ഒരു വർഷം മുമ്പാണ് നാട്ടിലെത്തി ബന്ധു വീട്ടിൽ ഇരുവരും താമസമായത്. ഇതിനിടയിൽ കൃഷ്ണചന്ദ്രനെ ഗുരുതര രോഗങ്ങൾ പിടികൂടി.
ഒരു ഘട്ടത്തിൽ തപസ് ചെയ്യാനായി ഹിമാലയത്തിലേക്ക് പോയി. ഒരപകടത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുമ്പോൾ ബന്ധു പോയി വീണ്ടും നാട്ടിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു.
ഒന്നിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചെങ്കിലും ഓരോ ദിവസവും നീട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് തീരുമാനം നടപ്പാക്കി.
സത്വവ സ്വയം കഴുത്തറുത്തതാണെന്നും താൻ സ്വയം കുത്തി മുറിവേല്പിച്ച് മരിക്കാൻ ശ്രമിച്ചതാണെന്നുമാണ് കൃഷ്ണചന്ദ്രൻ പോലീസിനോട് പറഞ്ഞത്. പോലീസ് ഇവർ താമസിച്ചിരുന്ന മുറി സീൽ ചെയ്തിരിക്കയാണ്.
മുറിയിൽ കിടക്കയിൽ രണ്ട് കത്തികളുണ്ട്. ഇന്ന് പകൽ പോലീസ് മുറി തുറന്ന് കൂടുതൽ പരിശോധനകൾ നടത്തും. ഫോറൻസിക് വിദഗ്ദരും പരിശോധിക്കും. സത്വവയുടെ മൃതദേഹം കൊല്ലം ജില്ലാആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃഷ്ണചന്ദ്രൻ അപകട നില തരണം ചെയ്തിട്ടില്ല.