ബെയ്റൂട്ട്: ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ആക്രണമത്തിൽ നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. 50ലേറെ പേർക്കു പരിക്കേറ്റു. തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ആണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണം എന്നാണ് റിപ്പോർട്ട്.
മിസൈൽ ആക്രമണത്തിൽ വൻസ്ഫോടനങ്ങളോടെ നാലു കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്.
തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ലബനനിൽനിന്ന് 90,000 പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി.