ഇറാന്റെ ആണവ പരീക്ഷണ പദ്ധതികളുടെ പിതാവായ മൊഹ്സിന്‍ ഫക്രിസദേയുടെ കൊലപാതകത്തില്‍ ഇറാന് ഏതു നിമിഷവും ആക്രമിച്ചേക്കാമെന്ന ആശങ്കയില്‍ ഇസ്രയേല്‍.
യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര് അതീവജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ഫക്രിസാദെയുടെ മരണത്തിനു പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്നാണ് ഇറാന് ആരോപിച്ചിരിക്കുന്നത്.
പ്രിയപുത്രന്റെ രക്തസാക്ഷിത്വത്തിന് തക്കസമയത്ത് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന് മുന്നറിയിപ്പു നല്‍കിയിരുന്നു. പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനി വരെ ഫക്രിസദേയുടെ മരണത്തോടു രൂക്ഷമായാണ് പ്രതികരിച്ചത്.
മറ്റ് രാജ്യങ്ങളില്‍ വച്ച് ഇസ്രയേല്‍ പൗരന്മാര്ക്കു നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികള്‍ ആശങ്കപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു പോകുന്ന ഇസ്രയേല്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്നാണ് കൗണ്ടര്‍ ടെററിസം കമ്മിഷന്റെ മുന്നറിയിപ്പ്.
വരുന്ന ആഴ്ചകളില്‍ ആയിരക്കണക്കിന് ഇസ്രയേലി പൗരന്മാര് ഗള്‍ഫ് നാടുകളിലേക്ക് ടൂറിസത്തിനായി പോകുമെന്നാണ് കരുതുന്നത്. അത്തരക്കാരുടെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സിലും വിലയിരുത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ നയതന്ത്ര പ്രതിനിധികള്‍ക്കും ഇസ്രയേല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏത് അസാധാരണ സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര പ്രതിനിധികളെ അറിയിച്ചു.
ഇസ്രയേലി നയതന്ത്ര സ്ഥാപനങ്ങള്‍ക്കെതിരെ ഭീകരാക്രമണം ഉണ്ടാകുന്നതു ചെറുക്കാന്‍ കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാനും നിര്‍ദേശിച്ചു. എംബസികള്‍ക്കു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.