സഡെറോട്ട്: ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ ഹമാസ് തീവ്രവാദികൾ കൊലപ്പെടുത്തിയ ഇസ്രേലികളുടെ മൃതദേഹങ്ങൾ ശേഖരിക്കാനെത്തിയ സാക്ക എന്ന സംഘടനയിലെ മധ്യവയസ്കനായ യോസി ലാൻഡൗ കണ്ടകാഴ്ച ഹൃദയം നടക്കുന്നത്.
ഇസ്രയേലിൽ അപകടമരണങ്ങളിൽപെടുന്നവരുടെ മൃതദേഹങ്ങൾ ശേഖരിക്കുന്ന സാക്ക എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം മൂന്നു പതിറ്റാണ്ടായി നിയോഗിക്കപ്പെട്ടയാളാണ് യോസി ലാൻഡൗ.
നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ട് തഴമ്പിച്ച യോസി പക്ഷേ ഇത്തവണ പതറിപ്പോയി. ഹൃദയഭേദകമായ കാഴ്ചകളാണ് തകർക്കപ്പെട്ട ഇസ്രേലി ഭവനങ്ങളിൽ അദ്ദേഹം കണ്ടത്.
അതിർത്തിക്കടുത്തുള്ള സഡെറോട്ട് തെരുവുകളിൽ നിറയെ മൃതദേഹങ്ങളായിരുന്നു. കാറുകൾ തലകീഴായി കിടക്കുന്നു. അവയിൽ ഭൂരിഭാഗവും കത്തിക്കരിഞ്ഞതോ വെടിയുണ്ടകൾ കൊണ്ട് നിറഞ്ഞതോ ആയിരുന്നു.
15 മിനിറ്റ് കൊണ്ട് പിന്നിടേണ്ട റോഡ് കടക്കാൻ11 മണിക്കൂർ എടുത്തു. കാരണം, അത്രത്തോളം സമയം വേണ്ടിവന്നു മൃതദേഹങ്ങൾ ശേഖരിക്കാൻ.
ഇതിനകം ഡസൻ കണക്കിന് മൃതദേഹങ്ങൾ ശീതീകരിച്ച ട്രക്കുകളിൽ കയറ്റിയ ശേഷം, ലാൻഡൗവും സഹ സന്നദ്ധപ്രവർത്തകരും ഗാസയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള 1,200 നിവാസികളുള്ള കിബ്ബട്ട്സിലെ ബീരിയിൽ എത്തി. നൂറിലേറെപ്പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ആദ്യത്തെ വീട്ടിൽ പ്രവേശിച്ചപ്പോൾ മുന്നിലെ കാഴ്ച കണ്ട് താൻ മാത്രമല്ല, മുഴുവൻ പ്രവർത്തകരും തകർന്നുപോയെന്ന് യോസി പറഞ്ഞു.
“പൂർണഗർഭിണിയായ ഒരു യുവതി മരിച്ചുകിടക്കുന്നു. അവരുടെ വയറു കീറിയ നിലയിലായിരുന്നു. അതിലൊരു കുഞ്ഞ് ഉണ്ടായിരുന്നു. അപ്പോഴും പൊക്കിൾക്കൊടിയുമായി ബന്ധിപ്പിച്ചിരുന്നു. കുഞ്ഞിനും കുത്തേറ്റ നിലയിലായിരുന്നു.’ – ലാൻഡൗ പറഞ്ഞു.
ഇരുപതോളം കുട്ടികൾ ഉൾപ്പെടെ നിരവധിപ്പേരെ കൈകൾ പിന്നിൽ കെട്ടിയിട്ട് വെടിവച്ച ശേഷം തീകൊളുത്തിയ നിലയിലായിരുന്നു. ചിലർ ബലാൽസംഗത്തിനിരയായ ശേഷം കൊല്ലപ്പെട്ട നിലയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയംനുറുങ്ങുന്ന കാഴ്ചകൾ മുന്നിൽ കണ്ട് മരവിച്ച തനിക്ക് ഇപ്പോൾ നിർവികാരതയാണ് തോന്നുന്നതെന്ന് യോസി പറഞ്ഞു. തങ്ങളുടെ വികാരങ്ങളെ ജോലിയിൽ നിന്ന് മാറ്റിനിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.