മോസ്കോ: റഷ്യയിലെ ഡാഗെസ്ഥാനിലെ മഖാച്കാല വിമാനത്താവളത്തില്‍ അരങ്ങേറിയ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നില്‍ പാശ്ചാത്യശക്തികളാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ആരോപണം തള്ളി യുഎസ്.
അസംബന്ധം എന്നാണ് യുഎസ് പുടിന്റെ ആരോപണത്തെ വിശേഷിപ്പിച്ചത്. നേരത്തെ ടെല്‍ അവീവില്‍ നിന്നുള്ള വിമാനം മഖാച്കാല എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി പാഞ്ഞടുത്തത്.
ഇതില്‍ നിരവധി ആളുകള്‍ പലസ്തീന് പതാക കൈയ്യിലേന്തുകയും ആന്റി സെമിറ്റിക് മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.
റഷ്യയുടെ അധീനതയിലുള്ള റിപ്പബ്ലിക്കായ ഡാഗെസ്ഥാനിലെ ജനങ്ങളില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളാണ്. ഗാസയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവര്‍ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നീങ്ങിയത് എന്നാണ് വിവരം.
സംഭവത്തില്‍ ഇതുവരെ 60 ആളുകള്‍ അറസ്റ്റിലായിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് തദ്ദേശീയ ഭരണകേന്ദ്രങ്ങള്‍ അറിയിച്ചു.
” മഖാച്കാലയില് കഴിഞ്ഞ രാത്രിയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ആസൂത്രണം ചെയ്തത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഉക്രൈന് മാത്രമല്ല ഇതിനു പിന്നിലുള്ളത്, പാശ്ചാത്യലോകത്തു നിന്നുള്ള വിദഗ്ധരുടെ കരങ്ങളും ഇതിനു പിന്നിലുണ്ട്” റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ യോഗത്തിനിടെയാണ് പുടിന് ഇങ്ങനെ പറഞ്ഞത്.