ജറൂസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് പോരാട്ടം രൂക്ഷമായിരിക്കെ ഇസ്രേലി സേന എല്ലാ വശത്തുനിന്നും ഗാസ സിറ്റി വളഞ്ഞു. ഹമാസ് തീവ്രവാദികളുടെ തുരങ്കങ്ങൾ തകർക്കാൻ ഐഡിഎഫിന്റെ എൻജിനിയറിംഗ് വിഭാഗത്തെ രംഗത്തിറക്കിയിട്ടുണ്ട്.
ഉന്നതനേതാക്കളടക്കം നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്നും, ഹമാസ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ നിർമിതബുദ്ധി ഉപയോഗിക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഗാസയിൽ കടന്നുകയറി നടത്തുന്ന പോരാട്ടത്തിൽ തങ്ങളുടെ 18 സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സേനാ തലവൻ ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു.
ഇന്നലെ റാഫ അതിർത്തി വഴി അഞ്ഞൂറോളം പേർ ഈജിപ്തിലെത്തി. ബുധനാഴ്ചയാണ് റാഫ അതിർത്തി തുറന്നത്.
ഗാസയിൽ ഇസ്രേൽ ആക്രമണത്തിൽ 9061 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ 20,000 പേർ ഗാസാ മുനന്പിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അറിയിച്ചു. ജബലിയയിലെ യുഎൻ സ്കൂളിനു സമീപമുണ്ടായ ഇസ്രേലി ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു.
ഗാസയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിലെ തങ്ങളുടെ അംബാസഡറെ ബഹറിൻ തിരിച്ചുവിളിച്ചു. അടുത്തകാലത്താണ് ഇസ്രയേൽ-ബഹറിൻ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്.
ഗാസാ മുനന്പിൽനിന്നു ഹമാസ് തൊടുത്ത റോക്കറ്റ് മധ്യ ഇസ്രയേലിലെ വീട്ടിൽ പതിച്ചു. വീടിനു വ്യാപക നാശമുണ്ടായെങ്കിലും കുടുംബാംഗങ്ങൾക്കു പരിക്കില്ല. ഇന്നലെ വടക്കൻ ഇസ്രേലി നഗരമായ കിർയാത് ഷമോണയിൽ ലബനനിൽനിന്നു റോക്കറ്റ് പതിച്ചു.
സിറിയയിൽ വിന്യസിച്ചിരിക്കുന്ന ഇറാന്റെ ഇമാം ഹുസൈൻ ബ്രിഗേഡ് തെക്കൻ ലബനനിലെത്തി. ഹിസ്ബുള്ള തീവ്രവാദികളെ സഹായിക്കാനാണ് ഇമാം ഹുസൈൻ ബ്രിഗേഡ് എത്തിയിരിക്കുന്നത്.