ജറൂസലെം: ഗാസയിലെ തുരങ്കങ്ങളിൽ ഒളിച്ച ഹമാസ് തീവ്രവാദികളെ വധിച്ച് ഇസ്രേലി സേന. ഗാസയിൽ രൂക്ഷ പോരാട്ടമാണു നടക്കുന്നത്. ടാങ്കുകളും കവചിതവാഹനങ്ങളുമായി ഗാസയുടെ ഉള്ളിൽ കടന്ന ഇസ്രേലി സൈന്യം ഡസൻകണക്കിനു തീവ്രവാദികളെ വധിച്ചു.
തോക്കുകളും ബോംബുകളും അടക്കം അനേകം ആയുധങ്ങൾ പിടിച്ചെടുത്തു. 24 മണിക്കൂറിനിടെ 300 കേന്ദ്രങ്ങളിലാണ് ഇസ്രേലി സേന ആക്രമണം നടത്തിയത്.
ഇന്നലെ വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാന്പിലുണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടു. ഇസ്രേലി വ്യോമാക്രമണത്തിലാണു സ്ഫോടനമെന്ന് ഹമാസ് അറിയിച്ചു.
അതേസമയം, ഇസ്രേലി സൈനികനെ കൊലപ്പെടുത്തിയെന്നും വടക്കുകിഴക്കൻ ഗാസയിലേക്കു കടക്കാൻ ശ്രമിച്ച രണ്ടു വാഹനങ്ങൾ തകർത്തുവെന്നും ഹമാസ് അവകാശപ്പെട്ടു.
സെയ്ടുനിൽ ഇസ്രേലി ടാങ്ക് തീയിട്ടു നശിപ്പിച്ചെന്നും ഹമാസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഗാസയിൽ ഇസ്രേലി സേനയ്ക്കു നേർക്ക് ആക്രമണം നടത്തിയെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡ്സ് അവകാശപ്പെട്ടു.
ഗാസയിൽ ഇതുവരെ 8,525 പേർ കൊല്ലപ്പെട്ടു. ഇതിൽ അയ്യായിരത്തിലേറെപ്പേർ സ്ത്രീകളും കുട്ടികളുമാണ്. വടക്കൻ ഗാസയിലെ നിരന്തര ബോംബിംഗിനെത്തുടർന്ന് എട്ടു ലക്ഷം പലസ്തീനികൾ തെക്കൻ ഭാഗത്തേക്കു പലായനം ചെയ്തു.
ഹമാസുമായി വെടിനിർത്തലിനുള്ള സാധ്യതകൾ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. ഇതു യുദ്ധത്തിന്റെ കാലമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഹമാസ് കമാൻഡർ നസീം അബു അജിനയെ വധിച്ചതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു.
ഉന്നത ഹമാസ് നേതാവ് സാലേ അൽ-അരൂരിയുടെ വെസ്റ്റ് ബാങ്കിലെ വീട് ഇസ്രേലി സേന തകർത്തു. റാമല്ലയ്ക്കു സമീപം അരുര പട്ടണത്തിലെ വീടാണു നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്.