വെറും 30 സെക്കന്‍ഡിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാകുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങള്‍ക്കായി ഇസ്രയേല്‍ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു.
ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര്‍ ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്.
ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും അവിടെ എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
സംയുക്തമായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലില്‍ പൂര്‍ത്തിയായിരുന്നു.
രക്തപരിശോധനയിലൂടെ 30 സെക്കന്‍ഡുകള്‍കൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് പരിശോധനാ കിറ്റുകള്‍.
ഇസ്രയേല്‍ സാങ്കേതികവിദ്യയും ഇന്ത്യന്‍ നിര്‍മാണശേഷിയും കൂട്ടിച്ചേര്‍ത്ത് കോവിഡിനെതിരേ മികച്ച പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യമെന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയ്ക്കു സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായി ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.