അങ്കാറ: ഇസ്രയേലുമായുള്ള വ്യാപര ഇടപാടുകൾ നിർത്തിവച്ചതായി തുർക്കി അറിയിച്ചു. ഗാസയിൽ സ്ഥിരം വെടിനിർത്തൽ യാഥാർഥ്യമാക്കി ഇടതടവില്ലാതെ സഹായവിതരണം ഉറപ്പാക്കിയാലേ കയറ്റുമതിയും ഇറക്കുമതിയും പുനഃസ്ഥാപിക്കൂ എന്ന് തുർക്കി വാണിജ്യ മന്ത്രി ഒമർ ബൊലാത് പറഞ്ഞു.
അന്താരാഷ്ട്ര വ്യാപാര ഉടന്പടികൾ ലംഘിക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് ആരോപിച്ചു. മറ്റു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും നിർദേശം നല്കിയെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
തുർക്കിക്കും ഇസ്രയേലിനും ഇടയിൽ കഴിഞ്ഞ വർഷം 700 കോടി ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. ഇസ്രയേലിന്റെ ഇറക്കുമതിയിൽ തുർക്കിക്ക് അഞ്ചാം സ്ഥാനവും തുർക്കിയുടെ കയറ്റുമതിയിൽ ഇസ്രയേലിന് 13-ാം സ്ഥാനവുമുണ്ട്.
1949ൽ ഇസ്രയേലിനെ ആദ്യമായി അംഗീകരിച്ച മുസ്ലിം രാജ്യമാണ് തുർക്കി. എന്നാൽ, അടുത്ത പതിറ്റാണ്ടുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും മോശമായിട്ടുണ്ട്. തുർക്കി പ്രസിഡന്റ് എർദോഗൻ ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേലിനെ നിശിതമായി വിമർശിക്കുന്നുണ്ട്.
ഇസ്രേലി ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലെ സ്ഥിതിവിശേഷം അത്യന്തം ശോചനീയമെന്ന് അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. 34,500 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്.