ഗാസ സിറ്റി: താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
റഫയിലും ഖാന് യൂനുസിലുമടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ 700 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബലിയ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിലും ഒട്ടേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
അല്‍ഫലൂജയില്‍ നടന്ന ആക്രമണത്തില്‍ വിഖ്യാത പലസ്തീന് ശാസ്ത്രജ്ഞന് സൂഫിയാന് തായിഹും കുടുംബവും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
ഹമാസില്‍ നിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കരയുദ്ധം ശക്തമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.എന്നാല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ ബന്ദികളെ മോചിപ്പിക്കൂ എന്ന നിലപാടിലാണ് ഹമാസ്.
ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്കുള്ള 800 പ്രവേശന കവാടങ്ങള്‍ കണ്ടെത്തിയതായും ഇതില്‍ 500 എണ്ണം നശിപ്പിച്ചുവെന്നും ഇസ്രയേല്‍ സേന ഇറക്കിയ അറിയിപ്പിലുണ്ട്. പുതിയ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ ഗാസയില്‍ ഇതുവരെ കൊല്ലുപ്പെട്ടവരുടെ എണ്ണം 15,000 കവിഞ്ഞു.
ഇതില്‍ ആറായിരത്തിലധികം പേരും കുട്ടികളാണെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശനിയാഴ്ച ഈജിപ്റ്റില്‍ നിന്നും സഹായവുമായെത്തിയ ട്രക്കുകള്‍ ഗാസയിലേക്ക് കടന്നു പോകാന്‍ അനുവദിച്ചു. എന്നാല്‍ പ്രദേശത്ത് ഇപ്പോഴും ഒട്ടനവധി പേരാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ അലയുന്നത്.