ജറൂസലെം: ഹമാസ് തീവ്രവാദി ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സുരക്ഷാ ഉദ്യോഗ സ്ഥരും. ലഫ്. ഒർ മോസസ് (22), ഇൻസ്പെക്ടർ കിം ദൊക്രാകെർ എന്നിവരാണു കൊല്ലപ്പെട്ട ഇന്ത്യൻ വംശജർ.
ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തവേ ഇരുവരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ഹോം ഫ്രണ്ട് കമാൻഡറാണ് ഒർ മോസസ്.സെൻട്രൽ ഡിസ്ട്രിക്ടിലെ ബോർഡർ പോലീസ് ഓഫീസറാണ് കിം ദൊക്രാകെർ. ഹമാസ് ആക്രമണത്തിൽ 286 ഇസ്രയേൽ സൈനികരും 51 പോലീസ് ഓഫീസർമാരും കൊല്ലപ്പെട്ടു.
ബന്ദികളിൽ നേപ്പാളി വിദ്യാർഥിയും
ഹമാസ് ബന്ദികളാക്കിയവരിൽ നേപ്പാളി വിദ്യാർഥിയായ ബിപിൻ ജോഷിയും. ഇയാളെ മോചിപ്പിക്കാൻ അന്താരാഷ്ട്ര സംഘടനകളുടെ സഹായം തേടിയെന്ന് നേപ്പാൾ ഗവൺമെന്റ് അറിയിച്ചു.
ഹമാസ് ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. ആറു പേർ രക്ഷപ്പെട്ടു. ബിപിൻ ജോഷിയെ കാണാതായിരുന്നു. തായ്ലൻഡ് പൗരന്മാർക്കൊപ്പമാണ് ജോഷിയെ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.