ജറുസലേം: ഗാസയിൽ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകൾ തീർച്ചയായും ജീവിച്ചിരിപ്പുണ്ടെന്നും എല്ലാ തടവുകാരെയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിർത്തുന്നത് അംഗീകരിക്കാൻ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥൻ.
പത്ത് പേർ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തിൽ പരസ്യമായി സംസാരിക്കാൻ തനിക്ക് അധികാരമില്ലാത്തതിനാൽ തന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് അവരെ അവിടെ ഉപേക്ഷിക്കാൻ കഴിയില്ല, അവർ മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ ഏഴിന് ഹമാസ് 251 ആളുകളെയാണ് ബന്ദികളാക്കിയത്. അവരിൽ 116 പേർ ഗാസയിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. 41 പേർ മരിച്ചുവെന്ന് സൈന്യം പറഞ്ഞിരുന്നു.
നേരത്തെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മൂന്ന് ഘട്ട നിർദ്ദേശം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം അവതരിപ്പിച്ചിരുന്നു, അതിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതും ഉൾപ്പെടുന്നു.
ആദ്യ ഘട്ടത്തിൽ ആറാഴ്ച നീണ്ടുനിൽക്കുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ ആണ് ഉൾപ്പെടുന്നത്. ഇസ്രായേൽ സൈന്യം ഗാസയിലെ എല്ലാ ജനവാസ മേഖലകളിൽ നിന്നും പിൻവാങ്ങണമെന്നും ബൈഡൻ പറഞ്ഞു.