ടെൽഅവീവ്: ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ വെടിനിർത്തലിനുള്ള ആവശ്യം ലോകമെങ്ങും ഉയരവേ തങ്ങൾ തുടങ്ങിയിട്ടേയുള്ളൂവെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഗാസയില്‍ ഇതുവരെ നടത്തിയ ആക്രമണങ്ങൾ തുടക്കം മാത്രമാണെന്നും കരയുദ്ധത്തിന് തയാറെടുക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തെ അഭിസംബോധനചെയ്യവെയാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
അതേസമയം, ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ജസീറ ഗാസ ലേഖകന്റെ ഭാര്യയും രണ്ട് മക്കളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഗാസയിലെ വിവിധ ക്യാമ്പുകളില്‍ സഹായം എത്തിക്കാനുള്ള സന്നദ്ധ സംഘടനകളുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആറ് ലക്ഷം ആളുകളാണ് ഏകദേശം 150 ക്യാമ്പുകളിലായി കഴിയുന്നത്.
ഗാസയിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ രക്ഷാസമതിയില് അമേരിക്കയും റഷ്യയും സമവായത്തില്‍ എത്തിയില്ല.
യുദ്ധത്തിന് ഇടവേള വേണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോള്‍ എത്രയും പെട്ടെന്നുള്ള വെടിനിര്‍ത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കി.
അതിനിടെ ഇസ്രയേലിനുനേരെ ഉണ്ടായ ഹമാസിന്റെ ആക്രമണത്തെ ന്യായീകരിച്ചിട്ടില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.
തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നു അദ്ദേഹം പറഞ്ഞു. ഇസ്രയേലിനു നേരെ ഉണ്ടായ ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് അന്റോണിയോ ഗുട്ടെറസ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.