ജറൂസലെം: ഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കവേ ഗാസയിൽനിന്നു പലായനം ചെയ്തത് പത്തു ലക്ഷം പേർ. യുദ്ധം പത്തു ദിവസം പിന്നിട്ടിട്ടും വെടിനിർത്തലിനു തയാറാകാൻ ഇസ്രയേലും ഹമാസും വിസമ്മതിച്ചു. ഗാസയിൽനിന്നുള്ളവർക്ക് ഈജിപ്തിലേക്കു കടക്കുന്നതിനായി വെടിനിർത്തലിനു സമ്മതിച്ചുവെന്ന അഭ്യൂഹം ഇസ്രയേൽ തള്ളി.
വെടിനിർത്തലിനോ ഗാസയിൽ സഹായമെത്തിക്കുന്നതിനോ ധാരണയില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അര മണിക്കൂറിനകം പ്രസ്താവന ഇറക്കി. ഹമാസിന്റെ മാധ്യമവിഭാഗം മേധാവി സലാമ മറൗഫും വെടിനിർത്തൽ ധാരണയെക്കുറിച്ച് അറിയില്ലെന്നു പ്രതികരിച്ചു.
ഗാസയിൽ 199 പേരെ ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രയേൽ അറിയിച്ചു. 155 പേരെ ബന്ദികളാക്കിയെന്നായിരുന്നു ഇസ്രയേൽ നേരത്തേ അറിയിച്ചിരുന്നത്. ബന്ദികളാക്കപ്പെട്ടവരിൽ വിദേശികളുണ്ടോയെന്ന് ഇസ്രയേൽ വ്യക്തമാക്കിയില്ല.
ഗാസയിൽ കരയുദ്ധത്തിന് ഒരുക്കങ്ങൾ നടത്തുന്ന ഇസ്രയേൽ കൂടുതൽ സൈനികരെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. കരയുദ്ധത്തിന് സമയക്രമപട്ടിക തയാറാക്കിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രേലി ബോംബിംഗ് തുടരുന്നു. ഗാസയിൽ ഇതുവരെ 2,750 പേരാണു കൊല്ലപ്പെട്ടത്. പതിനായിരത്തോളം പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ 1,400 പേരാണു കൊല്ലപ്പെട്ടത്. ഗാസയിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആയിരത്തിലേറെ പേരെ കാണാതായെന്നു റിപ്പോർട്ടുണ്ട്.
വടക്കൻ ഗാസയിൽനിന്നു തെക്കോട്ടു മാറണമെന്ന ഇസ്രയേലിന്റെ ഉത്തരവിനെത്തുടർന്ന് പതിനായിരങ്ങൾ ഇന്നലെയും പലായനം ചെയ്തു. ജനങ്ങൾ ഒഴിഞ്ഞുപോകുന്നതു തടയാൻ ഹമാസ് റോഡിൽ തടസങ്ങളുണ്ടാക്കിയതിന്റെ ചിത്രം ഇസ്രയേൽ പുറത്തുവിട്ടു.