റിയാദ്: ഇസ്രയേലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് സൗദി അറേബ്യ. ഗാസയിൽനിന്നു പലസ്തീനികളെ കുടിയിറക്കുന്നതിനെയും സാധാരണക്കാർക്ക് നേരെയുള്ള ആക്രമണത്തെയും സൗദി അപലപിച്ചു.
ഗാസയിൽനിന്നു പലസ്തീൻ ജനതയെ നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങൾ നിരസിക്കുന്നതായും സാധാരണക്കാരെ തുടർച്ചയായി ലക്ഷ്യമിടുന്നതിനെ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കവേ വടക്കൻ ഗാസയിൽനിന്ന് 11 ലക്ഷം പേർ തെക്കൻ ഭാഗത്തേക്കു മാറണമെന്ന് ഇസ്രയേൽ ഉത്തരവിട്ടിരുന്നു.
ഉപരോധം മൂലം ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ നരകിക്കുന്ന ജനം കാൽനടയായും കാറുകളിലും ട്രക്കുകളിലും തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുതുടങ്ങി. ഒരേയൊരു പ്രധാന റോഡാണ് തെക്കോട്ടുള്ളത്. ജനം ഒഴിഞ്ഞുപോകണമെന്ന ഉത്തരവ് ഇസ്രയേൽ പിൻവലിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
24 മണിക്കൂറിനകം ഇത്രയധികം ജനം പലായനം ചെയ്യുന്നത് അപകടകരമാണെന്ന് യുഎൻ മുന്നറിയിപ്പു നല്കി. ഇസ്രയേലിന്റേത് സംഭ്രാന്തി സൃഷ്ടിക്കാനുള്ള നീക്കമാണെന്നും ജനങ്ങൾ വീടുകളിൽത്തന്നെ തുടരണമെന്നുമാണു ഹമാസിന്റെ നിലപാട്.