ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ടെൽ അവീവിലെത്തുന്ന ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഗാസ പിടിച്ചെടുക്കുന്നതിലെ എതിർപ്പ് ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ വീണ്ടും ഗാസയിൽ അധിനിവേശം നടത്തുന്നത് വലിയ പിഴവായി മാറാമെന്നായിരുന്നു ബൈഡൻ വ്യക്തമാക്കിയത്.
ഹമാസും അതിന്റെ ഭീകരതയും പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പക്ഷേ, തെക്കൻ ഇസ്രയേലിൽ ഹമാസിനെയും വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ളയെയും അമർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യണം.
പക്ഷേ, പലസ്തീൻ അഥോറിറ്റിയും പലസ്തീൻ രാഷ്ട്രവും വേണമെന്നും ബൈഡൻ അഭിപ്രായപ്പെട്ടിരുന്നു. അതിനുപിന്നാലെ ഗാസ പിടിച്ചടക്കാൻ താത്പര്യമില്ലെന്നും എന്നാൽ ഹമാസ് തീവ്രവാദ ഗ്രൂപ്പിനെ ഇല്ലാതാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും യുഎന്നിലെ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞു. ഇതിനിടെയാണ് ബൈഡൻ ഇസ്രയേലിലെത്തുന്നത്.
അതേസമയം, നിരപരാധികൾ കൊല്ലപ്പെടുന്നതിനെച്ചൊല്ലി അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്ക്കുള്ളിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന് കനത്ത ആൾനാശം ഉണ്ടായാൽ അത് ജനവികാരം എതിരാക്കുമെന്ന ഭയം ബെന്യാമിൻ നെതന്യാഹുവിനുവിനുണ്ട്. ഗാസയ്ക്കുള്ളിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന് തടസം. യുദ്ധ ഭീതിയിൽ ഗാസയിൽനിന്നു പലായനം ചെയ്തതവരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.
അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. എന്നാൽ, ഗാസയിൽനിന്ന് ഇസ്രയേലിലേക്ക് ഹമാസ് തൊടുത്ത റോക്കറ്റുകൾ തടഞ്ഞെന്ന് ഇസ്രയേൽ പറഞ്ഞു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്നും ഇസ്രയേലും വ്യക്തമാക്കി.
199 പേർ ഹമാസിന്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. ഗാസയില് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു.